സി എന്‍ എ-
കൊച്ചി:
'ID', 'കമ്മട്ടിപ്പാടം', 'ഞാന്‍ സ്റ്റീവ് ലോപസ്', 'കിസ്മത്', 'ഈട' തുടങ്ങിയ ചലച്ചിത്രങ്ങളുടെ നിര്‍മ്മാതാക്കളാണ് 'കളക്ടീവ് ഫേസ് വണ്‍'. അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച്, ഈ വര്‍ഷം കളക്ടീവ് ഫേസ് വണ്‍ ഒരു ഡോക്യുമെന്ററി ചിത്രം പ്രേക്ഷകര്‍ക്കായി സമര്‍പ്പിക്കുകയാണ്.
'21 Hours' എന്നാണ് ചിത്രത്തിന്റെ പേര്. വനിതാ ദിനമായ മാര്‍ച്ച് 7ന്, വൈകിട്ട് ആറുമണിക്ക് നടി മഞ്ജുവാര്യര്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചിത്രം പങ്കുവെച്ച് പ്രകാശിപ്പിക്കും.
സുനിത സി. വി. ആണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.
നിര്‍മ്മാണം മാഗ്ലിന്‍ ഫിലോമിന യോഹന്നാന്. കേരളത്തിലെ വഴിയോരങ്ങളില്‍ മീന്‍ വിറ്റു ജീവിക്കുന്ന പതിനായിരക്കണക്കിനു സ്ത്രീകളിലൊരാളാണ് തിരുവനന്തപുരത്തെ രാജമ്മ. പ്രതിസന്ധികള്‍ക്കു മുന്നില്‍ തളരാതെ അദ്ധ്വാനിച്ച് ജീവിതം കെട്ടിപ്പടുത്ത രാജമ്മയുടെ വിശ്രമമില്ലാത്ത രാപകലുകളെയും ധീരമായ ജീവിതവീക്ഷണത്തെയും രേഖപ്പെടുത്തുകയാണ് 28 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം.
കേരളത്തിലെ പ്രമുഖ ടെലിവിഷന്‍ ചാനലുകളില്‍ പ്രൊഡ്യൂസറായും ജേണലിസ്റ്റായും ജോലി ചെയ്തിട്ടുള്ള സുനിത അനവധി ചലച്ചിത്രങ്ങളുടെയും പ്രൊഡക്ഷനില്‍ ഭാഗമായിട്ടുണ്ട്. 'പറവ', 'ഈട' തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള സുനിത, പ്രാഗ് ഫിലിം സ്കൂളില്‍ നിന്നും ചലച്ചിത്രാഭിനയം പഠിച്ചു. കാസ്റ്റിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചു വരുന്നു.
മത്സ്യത്തൊഴിലാളി മേഖലയിലെ സ്ത്രീകളുടെ അതിജീവന സമരങ്ങള്‍ക്കൊപ്പം കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന മാഗ്ലിന്‍, മറ്റനേകം ജനകീയ കൂട്ടായ്മകളുടെയും ഭാഗമാണ്.
COLLECTIVE PHASE ONE
GNRA 56, Near Gandhinagar Fire Station,
Kadavanthra, Kochi - 682020
www.collectivephaseone.com