അഞ്ജു അഷറഫ്-
കൊച്ചി:
ഇതൊരു അത്ഭുതമാണ്. ഇങ്ങനെയൊരു സിനിമ ലോകത്ത് ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടാകാം. പക്ഷേ സൗത്ത് ഇന്ത്യയില്‍ ഇതാദ്യമായിട്ടാണ് വിപ്ലവകരമായ ഒരു ചലച്ചിത്ര സൃഷ്ടി രൂപപ്പെടുന്നത്. സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു ചെറുപ്പക്കാര്‍ അഞ്ചു ദിവസം കൊണ്ട് ക്യാമറയില്‍ പകര്‍ത്തിയ 8000 ചിത്രങ്ങള്‍ ഓരോന്നായി തുന്നിച്ചേര്‍ത്ത് മാസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് 2KnotE (2കെനോട്ട്) എന്ന സിനിമ തയ്യാറാകുന്നത്. സൗണ്ട് എഞ്ചിനീയറും സംവിധായകനുമായ ജിക്കു എം ജോഷി നല്കുന്ന സാങ്കേതികപരമായ വലിയൊരു സന്ദേശവും കൂടിയാണ് ഈ സിനിമ.
സൗണ്ട് റെക്കോര്‍ഡിസ്റ്റും സൗണ്ട് എഡിറ്ററും എന്ന നിലയില്‍ ഹിന്ദി ഉള്‍പ്പെടെ വിവിധ ഭാഷാചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജിക്കു എം ജോഷി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് നിശ്ചലചിത്രങ്ങള്‍ കൊണ്ട് ഒരുക്കി സാങ്കേതിക വിപ്ലവത്തിന് വഴി തുറന്നിടുന്ന 2KnotE(2കെനോട്ട്).
'സൗണ്ട് റെക്കോര്‍ഡിസ്റ്റായി വര്‍ക്ക് ചെയ്യുന്ന സമയത്ത് സിനിമ സംവിധാനം ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നെങ്കിലും ലോക്ക്ഡൗണ്‍ തന്ന ഡിപ്രഷനിലാണ് ഈ സിനിമ ഉണ്ടായതെ'ന്ന് സംവിധായകന് ജിക്കു എം ജോഷി പറഞ്ഞു.
'ഉത്തരാഖണ്ഡില്‍ ഒരു ഹിന്ദി പടത്തിന്റെ വര്‍ക്ക് കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തി ഒരുമാസം ക്വാറണ്ടയിനില്‍ ഇരിക്കേണ്ടി വന്നു. ഓടി നടന്നിരുന്ന എനിക്ക് ഒരു മാസം വെറുതെ ഇരിക്കേണ്ടി വരികയും പിന്നീട് ഉണ്ടായ മറ്റു പല പ്രശ്നങ്ങളുമൊക്കെ കൂടിയായപ്പോള്‍ വല്ലാത്തൊരു മാനസിക പ്രയാസവും ഡിപ്രഷനുമൊക്കെയായി. അതില്‍ നിന്ന് തിരിച്ചുവരാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇങ്ങനെയൊരു സിനിമയെക്കുറിച്ചുള്ള ആലോചനയും സിനിമ ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നതും. ഒരു തീം ഉണ്ടാക്കി അതിന് അനുയോജ്യമായ രീതിയില്‍ ഒരു മുറിയില്‍ 18 സ്ക്വയര്‍ഫീറ്റ് സെറ്റ് ഉണ്ടാക്കി ഞങ്ങള്‍ അഞ്ചു പേര് നിന്ന് അഞ്ചു ദിവസം കൊണ്ട് 8000 ഫോട്ടോസ് എടുത്ത് ഓരോ ഫോട്ടോയും ചേര്‍ത്തു വച്ച് കോമ്പോസിറ്റ് ചെയ്ത് വീഡിയോഉണ്ടാക്കി, എക്സ്പോട്ട് ചെയ്തു ക്ലിപ്പാക്കും. പിന്നീടാണ് എഡിറ്റ് ചെയ്യുന്നത്. അതുകഴിഞ്ഞ് സ്റ്റെബിലൈസിംഗ് ചെയ്ത് എന്നിട്ട് ഔട്ട് എടുത്ത് സൗണ്ട് പോസ്റ്റ് ചെയ്യും. കാണുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും ഭയങ്കരമായ അധ്വാനം ഇതിനു പിന്നിലുണ്ട്. വലിയൊരു പ്രോസസാണിത്. സെറ്റ് ഉണ്ടാക്കാന്‍ മാത്രം രണ്ടുമാസം എടുത്തു. ഫോട്ടോസ് എടുക്കാനും എഡിറ്റ് ചെയ്യാനും മറ്റു കാര്യങ്ങള്‍ക്കുമായി വീണ്ടും രണ്ടുമാസം. മൊത്തം നാലു മാസം കൊണ്ടാണ് 2KnotE പൂര്‍ത്തിയായത്. ഇതില്‍ ഒരു മിനിറ്റ് 10 സെക്കന്‍ഡ് വരുന്ന ഒരുപാട്ടുണ്ട്. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഓരോരുത്തരും ഓരോ സ്ഥലത്തിരുന്നാണ് ഓരോ കാര്യങ്ങളും ചെയ്തിരിക്കുന്നത്. പാട്ട് എഴുതിയിരിക്കുന്നയാള്‍ ഒരിടത്ത് മ്യൂസിക് ചെയ്തിരിക്കുന്നത് മറ്റൊരിടത്ത് പാടിയിരിക്കുന്നത് വേറൊരിടത്ത്. അങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇരുന്ന് പലരും ഈ കൊച്ചു സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഞങ്ങള്‍ പരസ്പരം നേരില്‍ കാണാതെയാണ് പല കാര്യങ്ങളും ചെയ്തിട്ടുള്ളത്. മനുഷ്യ ജീവിതത്തില്‍ പല ബ്രേക്ക്ഡൗണും ഉണ്ടാകാം. നമ്മുടെ ഇമോഷന്‍സ് ആര്‍ട്ടാക്കി മാറ്റിയാല്‍ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയും എന്നതിന് വലിയ ഉദാഹരണമാണ് ഞാനും ഈ സിനിമയും. എന്റെ അനുഭവങ്ങളാണ് ഈ സിനിമ'യെന്നും സംവിധായകന് ജിക്കു എം ജോഷി പറയുന്നു.
പ്രൊഡ്യൂസര്‍- ജോഷിന്കുമാര് എം. എം, ഗിരിജാ ജോഷി.
കഥ, സംവിധാനം - ജിക്കു എം ജോഷി.
ക്യാമറ- നിഖില്‍ എസ് പ്രവീണ്‍ (Best Cinematographer National Award for 'Bhayanakam').
പ്രൊഡക്ഷന്‍ ഡിസൈന്‍- വിഷ്ണു ശിവ.
എഡിറ്റര്‍- ഷെബിന്‍ സെബാസ്റ്റ്യന്‍ (Kochi Flow Motion Film Maker).
മ്യൂസിക്- ആനന്ദ് നമ്പ്യാര്‍.
സൗണ്ട് ഡിസൈന്‍- പ്രാച്ചി ബജാനിയ(NID, FTII), ജിക്കു എം ജോഷി(FTII).
സൗണ്ട് മിക്സിംങ്- ബോണി എം ജോയി (Sound Mix for Bhayanakam, Roudram-2018 and other several Malayalam and Hindi films).
സൗണ്ട് ഇഫക്ട്സ്- ശരത്ത് കുമാര്‍ (സൗണ്ട് പോസ്റ്റ്, ചെന്നൈ).
സിംഗര്‍- സ്നേഹ സുന്ദര്‍.
ലിറിക്സ്- ജിജിന ആര്.
ഡി ഐ- ക്യമലിയോണ് കോട്ടയം.
അസോസിയേറ്റ് ക്യാമറമാന്- തന്‍സിന്‍ ബഷീര്‍.
അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടര്‍- അഖില്‍ രാജ്.
ടൈറ്റില്‍സ്- ശിഖ ബിഷ്ത്ത്.