അഞ്ജു അഷറഫ്-
കൊച്ചി :
ചലച്ചിത്ര മേഖല അതീവ ഗുരുതരമായ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. സിനിമ തിയേറ്റള്കള് അടച്ചു. ഷൂട്ടിങ് നിര്‍ത്തിവെച്ചു. ചിത്രീകരണം പൂര്‍ത്തിയായ 55 സിനിമകള്‍ റിലീസിന് ഒരുങ്ങി നില്‍ക്കുകയാണ്. ഷൂട്ടിങ്ങിന്റെ വിവിധ ഘട്ടങ്ങളില്‍ നിര്‍ത്തിവെക്കേണ്ടിവന്ന 30 സിനിമകള്‍ വേറെയും. ഷൂട്ടിങ് പൂര്‍ത്തിയാക്കിയതും നിര്‍ത്തിവെച്ചതുമായ സിനിമകളിലൂടെ 500കോടി രൂപയാണ് മുടങ്ങിക്കിടക്കുന്നതെന്ന് പറയുന്നു. ഒരു സിനിമയുടെ ബഡ്ജറ്റ് എത്രയാണോ അത്രയും തുക കയ്യില്‍ വെച്ച്കൊണ്ടല്ല പലരും സിനിമ എടുക്കുന്നത്. ഇതൊരു ബിസിനസ്സ് ആണ്. കയ്യിലുള്ളതും കടം വാങ്ങിയും പലിശക്ക് പണമെടുത്തുമൊക്കെയാണ് ഓരോ സിനിമയും നിര്‍മിക്കുന്നത്. അങ്ങനെ അല്ലാതെ സിനിമ എടുക്കുന്നവരുമുണ്ട്. രാജ്യം കോവിഡിന്റെ പിടിയില്‍ മുറുകുമ്പോള്‍ മറ്റു തൊഴിലിടങ്ങളിലെ അവസ്ഥയല്ല സിനിമ വ്യവസായം നേരിട്ട് കൊണ്ടിരിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസം മുതല്‍ അടഞ്ഞു കിടക്കുന്ന തിയ്യേറ്ററുകള്‍ എന്ന് തുറക്കാനാകുമെന്ന് ഒരു നിശ്ചയവുമില്ല. സിനിമ ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചവരെ സംബന്ധിചിടത്തോളം മുന്നോട്ടുളള ദിനങ്ങളും ജീവിത അവസ്ഥയും കൂടുതല്‍ കലുഷിതമാവുകയാണ്.