Editor- MM Kamath
കൊച്ചി:
മലയാള സിനിമയിലെ നടീ നടന്മാരുടെ സംഘടനയായ 'അമ്മ'യില്‍ ഏറെക്കാലത്തെ ഇടവേളക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച മൂന്ന് പേര്‍ക്ക് ജയം.
മണിയന്‍പിള്ള രാജു, ലാല്‍, വിജയ് ബാബു എന്നിവരാണ് ജയിച്ചത്. ഔദ്യോഗിക പാനലിലെ നിവിന്‍ പോളി, ആശ ശരത്ത്, ഹണി റോസ് എന്നിവര്‍ പരാജയപ്പെട്ടു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വന്തം നിലയില്‍ മത്സരിച്ച മണിയന്‍പിള്ള രാജു ജയിച്ചു. ആശാ ശരത്തും ശ്വേതാ മേനോനുമായിരുന്നു ഔദ്യോഗിക പാനലിന്റെ സ്ഥാനാര്‍ഥികളായി മത്സരിച്ചത്. ആശാ ശരത്ത് തോറ്റതോടെ മണിയന്‍പിള്ളയും ശ്വേതാ മേനോനും വൈസ് പ്രസിഡന്റുമാരായി ജയിക്കുകയായിരുന്നു.
11 അംഗ എക്സിക്യൂട്ടീവിലേക്കാണ് ലാലും വിജയ് ബാബുവും മത്സരിച്ച് ജയം നേടിയത്.
ബാബുരാജ്, ടിനിടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്, നിവിന്‍ പോളി, സുധീര്‍ കരമന, ലൈന, മഞ്ജുപിള്ള, രചന നാരായണന്‍കുട്ടി, സുരഭി ലക്ഷ്മി, ഹണി റോസ് എന്നിവരായിരുന്നു ഔദ്യോഗിക പാനലില്‍ മത്സരിച്ച മറ്റ് സ്ഥാനാര്‍ഥികള്‍. ഇതില്‍ നിവിന്‍ പോളിയും ഹണി റോസും പരാജയപ്പെട്ടു.
നാസര്‍ ലത്തീഫ് വിമതനായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറര്‍ സ്ഥാനത്തേക്കു സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജയസൂര്യക്കും എതിരുണ്ടായിരുന്നില്ല.
'അമ്മ' സംഘടനയില്‍ വനിത പങ്കാളിത്തം പ്രധാനമാണെന്നും അടുത്ത മൂന്നു വര്‍ഷം സാഹചര്യം അനുകൂലമാണെങ്കില്‍ ഒരുപാട് നല്ലകാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.
Online PR - CinemaNewsAgency.Com
Photo courtesy: PRADA.