സി എന്‍ എ-
കൊച്ചി:
ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന പുതിയ ചിത്രത്തില്‍ പുതിയ നടിനടന്മാരെ ആവശ്യമുണ്ട് എന്നറിയിപ്പുമായി പോസ്റ്റര്‍ പുറത്തിറങ്ങി.
നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'എ രഞ്ജിത്ത് സിനിമ' കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു റൊമാന്റ്റിക് ത്രില്ലര്‍ ചിത്രമാണ്.
ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ഷാഫിയുടെ ശിഷ്യനാണ് നിഷാന്ത് സാറ്റു. പ്രശസ്ത സംവിധായകരായ സന്തോഷ് ശിവന്, അമല്‍ നീരദ് എന്നിവരുടേതടക്കം നിരവധി ഹിറ്റ് സിനിമകളില്‍ അസ്സോസിയേറ്റ് ഡയറക്റ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
രഞ്ജിത്ത് എന്ന വ്യക്തിയുടെ ജീവിതത്തില്‍ അവിചാരിതമായുണ്ടാകുന്ന മാനസികാഘാതത്തെ തുടര്‍ന്ന് അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ ആസിഫ് അലി രഞ്ജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചി നിര്‍മ്മിക്കുന്ന 'എ രഞ്ജിത്ത് സിനിമ' സി.എച്ച് മുഹമ്മദ് റോയല്‍ സിനിമാസിലൂടെ തിയേറ്ററില്‍ എത്തിക്കുന്നു.
സുനോജ് വേലായുധന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് നവാഗതനായ മിഥുന് അശോകന് സംഗീതം പകരുന്നു. എഡിറ്റര്‍- ദിലീപ് ഡെന്നീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ്, കല- രാജീവ് കോവിലകം, മേക്കപ്പ്- അമല്‍ ചന്ദ്രന്, അസോസിയേറ്റ് ഡയറക്ടര്‍- ജോമന് ജോഷി തിട്ടയില്‍, ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്, പി.ആര്.ഒ- എ. എസ്. ദിനേശ്.
Online PR - CNA.