സി എന്‍ എ-
കൊച്ചി:
മോഹന്‍ലാല്‍ സിനിമയ്ക്ക് എന്തുകൊണ്ടും യോജിച്ച പേരാണ് 'ആറാട്ട്'. സിനിമയുടെ സ്വഭാവം എന്തായിരിക്കും എങ്ങനെയായിരിക്കുമെന്നുള്ള സൂചന 'ആറാട്ട്' എന്ന പേരില്‍ തന്നെഉണ്ട്. 'ദൃശ്യം2' വിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആറാട്ടില്‍ നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കോമഡിക്കും ആക്ഷനും പ്രാധാന്യം നല്കി ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ഉദയകൃഷ്ണ ആണ്.
ലക്ഷണമൊത്തൊരു മാസ് മസാല പടമായിരിക്കും ആറാട്ട് എന്ന് സംവിധായകനും തിരക്കഥാകൃത്തും പറയുന്നു. നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട് ഒരു ഗ്രാമത്തില്‍ എത്തുന്ന ഗോപന്റെ ഇടപെടലുകളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ആറാട്ടില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. കൊമ്പന് മീശയും സണ്‍ഗ്ലാസും പ്രത്യേക രീതിയില്‍ മുടി കുടഞ്ഞിട്ടു ഷോട്ട് കുര്‍ത്തയും മുണ്ടും കട്ട് ഷൂവും കഴുത്തില്‍ കട്ടിചേയ്നും ധരിച്ച് ബെന്‍സ് കാറില്‍ ചവിട്ടിനില്ക്കുന്ന പത്രത്തില്‍ പ്രത്യക്ഷപ്പെട്ട നെയ്യാറ്റിന്‍കര ഗോപന്റെ ചിത്രം ഗംഭീരം.
സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞുകൊടുത്ത രൂപത്തിനനുസരിച്ച് വരച്ചെടുത്തചിത്രമാവാം. എന്തായാലും മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നെയ്യാറ്റിന്‍കര ഗോപന്റെ വരചിത്രം ഫാന്‍സുകാരെ ആവേശം കൊള്ളിക്കുന്നതാണ്.
ആറാട്ടിന്റെ ചിത്രീകരണം നവംബര്‍ 23ന് കൊല്ലംകോട് ആരംഭിക്കും. നവംബര്‍ 22ന് മോഹന്‍ലാല്‍ പാലക്കാട് എത്തും. ദൃശ്യം2 കഴിഞ്ഞ് ദുബായിലേക്ക് പോയ മോഹന്‍ലാല്‍ ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തും. കോവിഡ് പ്രോട്ടോകോള്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് പുതിയ സിനിമയുടെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ എ ത്തുക. 22ന് പാലക്കാട് എത്തുന്ന മോഹന്‍ലാല്‍ 23മുതല്‍ ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ലൊക്കേഷനില്‍ ഉണ്ടാവും. 'മിസ്റ്റര്‍ ഫ്രോഡ്', 'വില്ലന്‍', 'ഗ്രാന്‍ഡ്മാസ്റ്റര്‍', 'മാടമ്പി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് ഒരുക്കുന്ന മാസ്സ് എന്റര്‍ടൈനറില്‍ മലയാളത്തിലെ ഒരുപിടി താരങ്ങള്‍ അണിനിരക്കും. വമ്പന്‍ സിനിമകളുടെ തിരക്കഥാകൃത്തായ ഉദയകൃഷ്ണയാണ് ബി. ഉണ്ണികൃഷ്ണനു വേണ്ടി തിരക്കഥ എഴുതുന്നത്. 'പുലിമുരുകന്' ശേഷം ഉദയകൃഷ്ണ മോഹന്‍ലാല്‍ സിനിമയ്ക്കുവേണ്ടി എഴുതുന്ന തിരക്കഥയാണിത്. സായ്കുമാര്, സിദ്ദിഖ്, നെടുമുടി വേണു, വിജയരാഘവന്, ഗണേഷ് കുമാര്‍, ഇന്ദ്രന്‍സ്, നന്ദു, റിയാസ്ഖാന്, സന്തോഷ് കീഴാറ്റൂര്‍, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, റോണി, ബിജു പപ്പന്, ഷീല, സ്വാസിക, രചനനാരായണന്‍കുട്ടി, നേഹ സക്സേന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദക്ഷിണേന്ത്യന്‍ ചലച്ചിത്ര താരം ശ്രദ്ധാ ശ്രീനാഥ് ആണ് നായിക. കന്നട തമിഴ് തെലുങ്ക് ചിത്രങ്ങളിലെ നായികയും മോഡലുമായ ശ്രദ്ധ ശ്രീനാഥ് മലയാളത്തില്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ആറാട്ട്. അഭിനയ വേദിയില്‍ തുടക്കം കുറിച്ചത് കോഹിന്നൂര്‍ എന്ന പടത്തിലാണ്. പിന്നീട് ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വേദിയിലേക്ക് കടന്ന് മുന്‍നിര നായികമാര്‍ക്കൊപ്പം ഇടംപിടിച്ച ശ്രദ്ധ ശ്രീനാഥ് 'മാര' എന്ന തമിഴ് ചിത്രം പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നത്. കൊല്ലംകോട്, ഒറ്റപ്പാലം, പാലക്കാട്, ഹൈദരാബാദ് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം വിജയ് ഉലകനാഥ് നിര്‍വഹിക്കുന്നു. കലാസംവിധാനം ജോസഫ് നെല്ലിക്കല്‍, അരോമ മോഹനാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. കോവിഡ് പ്രോട്ടോകോള്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സിനിമയുടെചിത്രീകരണം.