സി എന്‍ എ-
ഹൈദരാബാദ്:
മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന 'ആചാര്യ'യുടെ ടീസര്‍ റിലീസ് ചെയ്തു.
ചിരഞ്ജീവിയുടെ കഥാപാത്രമായ ആചാര്യയെ പരിചയപെടുത്തികൊണ്ടുള്ള രാം ചരണിന്റെ വോയ്സ് ഓവറോട് കൂടിയ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഒറ്റ ദിവസം കൊണ്ട് 6.5മില്ലിയണ് ആരാധകരാണ് ഈ ടീസര്‍ കണ്ടുകഴിഞ്ഞത്.
'ആചാര്യ' എന്ന ചിരഞ്ജീവിയുടെ കഥാപാത്രം ജനങ്ങളുടെ രക്ഷകനായാണ് ടീസറില്‍ കാണിക്കുന്നത്. ഗുണ്ടകളെ തല്ലുന്ന ചിരഞ്ജീവി, താന്‍ അദ്ധ്യാപകന് അല്ലെന്നും എന്നാല്‍ ആളുകളെ പാഠങ്ങള്‍ പഠിപ്പിക്കുന്നതിനാലാണ് തന്നെ എല്ലാവരും 'ആചാര്യ' എന്നാണ് വിളിക്കുന്നതെന്നും ടീസറില്‍ അദ്ദേഹം പറയുന്നു. 'ആചാര്യ ദേവോ ഭവ... ആചാര്യ രക്ഷോ ഭവ' എന്ന് ചൊല്ലുന്ന മ്യൂസികല്‍ കാപ്ഷനോടെയാണ് ടീസര്‍ അവസാനിക്കുന്നത്.
കൊറടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് റാം ചരണ്‍ ആണ്. കാജല്‍ അഗര്‍വാള്‍ ആണ് നായിക. രാം ചരണും ചിത്രത്തിലൊരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. സോനു സൂദ് ആണ് വില്ലന്‍. കൂടാതെ പൂജ ഹെഗ്ഡെ, അജയ്, കിഷോര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
സിനിമയുടെ ഷൂട്ടിംഗ് ഇപ്പോള്‍ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ഛായാഗ്രഹണം- തിരു, സംഗീതം- മണി ശര്‍മ.
140 കോടിയാണ് 'ആചാര്യ'യുടെ ബജറ്റ്.