Editor - MM Kamath
കൊച്ചി:
പ്രശസ്ത നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ റിസബാവ അന്തരിച്ചു.
55 വയസ്സായിരുന്നു. ദീര്‍ഘനാളായി രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്നു മൂന്നു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
നാല് ദിവസം മുമ്പുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
1966 സെപ്റ്റംബര്‍ 24 ന് കൊച്ചി തോപ്പുംപടിയില്‍ ജനിച്ച റിസബാവയുടെ പ്രാഥമിക വിദ്യാഭ്യാസം തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്കൂളിലായിരുന്നു.
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ 'തീ വെളിച്ചമാണ്' എന്ന നാടകത്തിലൂടെ അഭിനയത്തിന്റെ ലോകത്തേക്ക് കടന്നുവന്നത്.
പിന്നീട് അഭിനയത്തോടും കലയോടുമുള്ള താല്പര്യം കാരണം നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു.
1984ല്‍ 'വിഷുപ്പക്ഷി' എന്ന ചിത്രത്തിലൂടെയാണ് സിനിമാഅഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990ല്‍ റിലീസായ 'ഡോക്ടര്‍ പശുപതി' എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി എത്തി. എന്നാല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് 1990ല്‍ സിദ്ദിഖ് - ലാല്‍ സംവിധാനം ചെയ്ത 'ഇന്‍ ഹരിഹര്‍ നഗര്‍' എന്ന സിനിമയിലെ 'ജോണ്‍ ഹൊനായി' എന്ന വില്ലന്‍ വേഷം ചെയ്തതോടെയാണ്.
പിന്നീട് 'ആനവാല് മോതിരം', 'ഇരിക്കൂ എം.ഡി. അകത്തുണ്ട്', 'ജോര്‍ജ്ജുകുട്ടി C/o ജോര്‍ജ്ജുകുട്ടി', 'ചമ്പക്കുളം തച്ചന്', 'ഏഴരപ്പൊന്നാന', 'എന്റെ പൊന്നു തമ്പുരാന്', 'മാന്ത്രികചെപ്പ്', 'ഫസ്റ്റ് ബെല്‍', 'ബന്ധുക്കള്‍ ശത്രുക്കള്‍', 'കാബൂളിവാല', 'ആയിരപ്പറ', 'വധു ഡോക്ടറാണ്', 'മലപ്പുറം ഹാജി മഹാനായ ജോജി', 'മംഗലംവീട്ടില്‍ മാനസേശ്വരിസുപ്ത', 'അനിയന്‍ബാവ ചേട്ടന്‍ബാവ', 'നിറം', 'എഴുപുന്ന തരകന്', 'ക്രൈം ഫയല്‍', 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍', 'കവര്‍ സ്റ്റോറി', 'നസ്രാണി', 'പരദേശി', 'പോക്കിരിരാജ', 'ഈ അടുത്ത കാലത്ത്', 'സഖറിയായുടെ ഗര്‍ഭിണികള്‍', 'കോഹിന്നൂര്‍', 'ശുഭരാത്രി' തുടങ്ങി മലയാളത്തില്‍ ഇതുവരെ 150 ഓളം സിനിമകളിലും വിവിധ ചാനലുകളിലായി ഇരുപതിലധികം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു.
അഭിനയം കൂടാതെ നിരവധി സീരിയലുകളിലും സിനിമകളിലും അദ്ദേഹം ഡബ്ബിംഗും ചെയ്തിട്ടുണ്ട്.
2010 ല്‍ ഡബ്ബിങ്ങിന് (കര്‍മയോഗി) സംസ്ഥാനപുരസ്കാരം നേടി.
രാവിലെ 10 മണിക്ക് ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനില്‍ അടക്കം എന്നാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് കുടുംബത്തില്‍ നിന്നും അറിയിച്ചിട്ടുള്ളത്.