സി എന്‍ എ-
ചെന്നൈ:
വൈവിധ്യമായ കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ കാവേരി തമിഴ് സിനിമ സംവിധാനം ചെയ്യുന്നു. മലയാളത്തിന്റെ അതിരുകടന്നു വിവിധ ഭാഷാ ചിത്രങ്ങളിലേക്ക് പോയ കാവേരി അവിടെ അറിയപ്പെടുന്നത് കല്യാണി എന്ന പേരിലാണ്. കാവേരി എന്നത് മലയാളത്തിന് മാത്രമുള്ള പേരായി ചുരുങ്ങി. ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടന വേദിയില്‍ തിളങ്ങി നില്ക്കുന്ന കാവേരി കല്യാണി സംവിധാനം ചെയ്യുന്ന 'പുന്നകൈ പൂവേ' എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. കാവേരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തെലുങ്ക് യുവ നടന് ചേതന്‍ ചീനു ആണ് നായകന്.
ഒരുപാട് പ്രത്യേകതകളുള്ള ദ്വിഭാഷാ റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണ് കാവേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്നത്. യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ പശ്ചാത്തലമാക്കിയാണ് തിരക്കഥയെഴുതിയിരിക്കുന്നത്. നിര്‍മ്മാതാവ് കൂടിയായ കാവേരി തന്റെ പുതിയ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കാവേരി നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമയാണ് 'പുന്നകൈ പൂവേ'.