സി എന്‍ എ
തൃശൂര്‍ :
കുറുമാല്‍ വായന ശാലയുടെ ബാന്നറില്‍ നിര്‍മ്മിച്ച 'അക്ഷര സേന' എന്ന ഹ്രസ്വ ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം പ്രശസ്ത സിനിമാനടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി നിര്‍വഹിച്ചു.
കുറുമാല്‍ വായന ശാലയ്ക്ക് വേണ്ടി സെക്രട്ടറി യദുകൃഷ്ണന് ചിത്രത്തിന്റെ സി. ഡി. ഏറ്റുവാങ്ങി.
മണ്ണുത്തിയില്‍ വെച്ചു നടന്ന ലളിതമായ ചടങ്ങില്‍ ബി.ജെ.പി. തൃശൂര്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.കെ. അനീഷ് കുമാറും സന്നിഹിതനായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഡോ. ഉണ്ണികൃഷ്ണന് തെക്കേപ്പാട്ട്, ശ്രീനാഥ് നെടിയേടത്ത്, വായനശാലാ പ്രസിഡണ്ട് അനന്തജിത്, വൈസ് പ്രസിഡണ്ട് റോഷന്, സുകുമാരന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
നാട്ടില്‍ ചിതറിക്കിടക്കുന്നതും വീടുകളിലും പറമ്പുകളിലും അനാവശ്യമായി വലിച്ചെറിയുന്നതുമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരു വായനശാലയിലെ യുവജനങ്ങള്‍ പെറുക്കിയെടുത്ത് വിറ്റ് ഓണ്‍ ലൈന്‍ ക്ലാസ് അറ്റന്റ് ചെയ്യാന്‍ ഫോണില്ലാത്ത വിദ്യാര്‍ത്ഥിയ്ക്ക് ഫോണ്‍ വാങ്ങി നല്കി മാതൃകയാവുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: യദുകൃഷ്ണന് കുറുമാല്‍, ഛായാഗ്രഹണം, ചിത്രസംയോജനം: ഡിന്‍സണ്‍ തൃശൂര്‍, ശബ്ദലേഖനം: തോമസ് മണ്ണുത്തി, പരസ്യകല: ബാബു വാക.
രാധിക രാജീവ് കുമാര്‍, ജിതേഷ്, സുജിത്ത്, ശ്രീജിത്ത്, വിഷ്ണു, രാഗേഷ്, രാഹുല്‍, ബാബു, വര്‍ഗീസ്, അരുണ്‍ജിത്, ജിതിന്, ഷാജി പെരിങ്ങോട് എന്നിവര്‍ അഭിനയിച്ച ചിത്രത്തിന് ആന്റണി കിരാലൂര്‍, സൗപര്‍ണ്ണിക എന്നിവര്‍ ശബ്ദം നല്കി.
പ്രസ്തുത ചിത്രം 'ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര ജല ശക്തി മന്ത്രാലയത്തിനു കീഴില്‍ സംഘടിപ്പിച്ച സ്വച്ഛ് ഭാരത് മിഷന് ഗ്രാമീണ്‍ രണ്ടാം ഘട്ടം ഹ്രസ്വ ചിത്രമത്സരത്തിലേയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
ചിത്രം ഉടന്‍ തന്നെ പ്രശസ്ത ചാനലുകളില്‍ സംപ്രേഷണം ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍.