അജയ് കുമാര്‍-
ചെന്നൈ:
ബോളിവുഡ് താര സുന്ദരിമാര്‍ തെന്നിന്ത്യന്‍ സിനിമ കീഴടക്കി കൊണ്ടിരിക്കുന്ന കാലമാണിത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചലച്ചിത്രവേദിയില്‍ കണ്ടു കൊണ്ടിരിക്കുന്ന വലിയൊരു പ്രത്യേകതയാണ് ബോളിവുഡ് സുന്ദരിമാരുടെ വരവ്. അതേ സമയം തെന്നിന്ത്യന്‍ നടിമാര്‍ക്ക് ബോളിവുഡില്‍ എത്തണമെങ്കില്‍, അതൊരു സാഹസം തന്നെയായിരിക്കും. ഇതിനൊരു അപവാദമായിരുന്നു, നടിമാരായ രേഖ, വൈജയന്തിമാല, ഹേമമാലിനി, ശ്രീദേവി, ജയപ്രദ തുടങ്ങിയവര്‍. ഹിന്ദി സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ബോളിവുഡിലെ സ്വപ്നസുന്ദരിമാരായി ദീര്‍ഘകാലം വിലസിയ പ്രതിഭകളായിരുന്നു. ഇവര്‍ക്കെല്ലാം ബോളിവുഡിലേക്കുള്ള ഗേറ്റ്പാസ് തെന്നിന്ത്യന്‍ സിനിമകളായിരുന്നു. പ്രത്യേകിച്ച് തമിഴ്, തെലുങ്ക് സിനിമകള്‍.
വര്‍ഷങ്ങള്‍ക്കു ശേഷം ബോളിവുഡിലെ ദക്ഷിണേന്ത്യന്‍ താരറാണിമാര്‍ക്ക് തെലുങ്കാനയില്‍ നിന്നു ഒരു പിന്‍ഗാമി എത്തിയിരിക്കുന്നു... യുവസുന്ദരി അമ്രിന് ഖുറേഷി. പ്രശസ്ത തെലുങ്ക് സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ സജിത്ത് ഖുറേഷിയുടെ പുത്രിയാണു അമ്രിന് ഖുറേഷി. ഹിന്ദി സിനിമയിലെ പ്രമുഖനായ സംവിധായകന് രാജ് കുമാര്‍ സന്തോഷിയുടെ 'ബാഡ് ബോയ്' എന്ന സിനിമയിലാണ് ബോളിവുഡില്‍ അരങ്ങേറ്റം നടത്തുന്നത്. തെലുങ്കില്‍ വന്‍വിജയം നേടിയ 'സിനിമാ ചൂപിസ്ത മാവ' എന്ന ചിത്രത്തിന്റെ ഹിന്ദി പുനരാവിഷ്ക്കാരമാണ് ഈ സിനിമ. മിഥുന് ചക്രവര്‍ത്തിയുടെ പുത്രന് നമാഷ് ചക്രവര്‍ത്തിയാണ് അമ്രിന്റെ നായകന്. നമാഷിന്റേയും അരങ്ങേറ്റ ചിത്രമാണ് 'ബാഡ് ബോയ്'.
ജനുവരിയില്‍ ചിത്രീകരണംആരംഭിക്കുന്ന സിനിമയുടെ വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ മറ്റൊരു ഹിന്ദി ചിത്രത്തിലും അമ്രിന് ഖുറേഷി നായികയായി കരാര്‍ ചെയ്യപ്പെട്ടു. അല്ലു അര്‍ജ്ജുന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം 'ജൂലൈ'യുടെ ഹിന്ദി റീമേക്ക് ആണ് അമ്രിന് നായികയാവുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രം. അന്തോണി ഡി സൂസയാണ് സംവിധായകന്.
'സ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ സിനിമയോടു വലിയ താല്പര്യമായിരുന്നു. അഭിനയമാണ് തന്റെ പ്രൊഫഷനെന്ന് അന്നേ മനസ്സില്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു. പഠനം കഴിഞ്ഞയുടന്‍ അതിനായുള്ള ഹോം വര്‍ക്കുകളും തുടങ്ങിയിരുന്നു' വെന്ന് അമ്രിന് പറയുന്നു.
'ഹൈദരാബാദില്‍ പഠനം പൂര്‍ത്തിയാക്കിയ ഉടനെ മുംബൈയില്‍ അനുപം ഖേറിന്റെ ഇന്‍സ്റ്റിട്യൂട്ടില്‍ ചേര്‍ന്ന് അഭിനയം പഠിച്ചു. അതിനു ശേഷം ഏതാനും അഭിനയ കളരികളിലും പങ്കെടുത്തു. അഭിനയം എനിക്ക് നന്നായി വഴങ്ങും എന്ന് ബോധ്യപ്പെട്ട ശേഷമാണ് അവസരങ്ങള്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടങ്ങിയത്. രാജ് കുമാര്‍ സന്തോഷി സര് പലവട്ടം ഓഡിഷന് നടത്തിയ ശേഷമാണ് 'ബാഡ് ബോയി'യില്‍ എന്നെ നായികയായി തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്താന്‍ അവസരം ലഭിച്ചത് മഹാഭാഗ്യം. തുടര്‍ന്ന് അന്തോണി ഡി സൂസയുടെ ചിത്രത്തിലേക്കും ക്ഷണം കിട്ടി. സിനിമ എന്റെ പാഷനാണ്.' ഹിന്ദിയില്‍ മാത്രമല്ല ഭാഷാഭേദദമന്യേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളില്‍ അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും അതിനായി കാത്തിരിക്കുകയാണെന്നും ഈ ഹൈദരാബാദ് സുന്ദരി പറയുന്നു.