സി എന്‍ എ-
കൊച്ചി:
2018 ല്‍ ശ്രീറാം രാഘവന് സംവിധാനം ചെയ്തു സൂപ്പര്‍ ഹിറ്റ് വിജയം നേടിയ 'അന്ധാദുന്‍' എന്ന ഹിന്ദി ചിത്രം മലയാളത്തിലേക്ക് വരുന്നു. പ്രശസ്ത ഛായാഗ്രാഹകനായ രവി കെ ചന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്. മംമ്താമോഹന്‍ദാസ്, അഹാന കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റ് രണ്ട് പ്രധാന അഭിനേതാക്കള്‍. നടന് ശങ്കറും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
രണ്ടുവര്‍ഷം മുമ്പ് ഹിന്ദിയില്‍ ഈ സിനിമയുടെ നിര്‍മ്മാണ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ നായകന്മാരില് ആദ്യ പേരുകാരന് മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്മാന് ആയിരുന്നു. മണിരത്നം സംവിധാനം ചെയ്ത 'ഒ കെ കണ്മണി' എന്ന തമിഴ് ചിത്രമാണ് ശ്രീറാം രാഘവന്റെയും സംഘത്തിന്റെയും മുന്നില്‍ ദുല്‍ഖറിനെ എത്തിച്ചത്.
'അന്ധാദുന്‍' സിനിമയില്‍ ദുല്‍ഖറിനെ നായകനായി തീരുമാനിക്കുകയും മുംബൈയില്‍ നിന്ന് ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷെ ആ സമയത്തെ ദുല്‍ഖറിന്റെ തിരക്കുകള്‍ കാരണം ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ കഴിയാതെ പോയി.
ദുല്‍ഖറിന്റെ ഡേറ്റ് പ്രോബ്ലം വന്നപ്പോള്‍ മറ്റു നടന്മാരിലേക്ക് അന്വേഷണം നീളുകയും ആയുഷ്മാന്‍ ഖുറാനക്ക് നറുക്ക് വീഴുകയും ചെയ്തു. അന്ധനായ ഒരു പിയാനോ ആര്‍ട്ടിസ്റ്റിന്റെ കഥ പറയുന്ന സിനിമയില്‍ ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ച നായക കഥാപാത്രം ഏറെചര്‍ച്ച ചെയ്യപ്പെട്ടു. ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ആയുഷ്മാന്‍ ഖുറാനയെ തേടിയെത്തി. കൂടാതെ മികച്ച ഹിന്ദി ചിത്രത്തിനും അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരവും 'അന്ധാദുന്‍'ന് ലഭിച്ചു. 32 കോടി മുടക്കി നിര്‍മിച്ച സിനിമ രാജ്യത്തിനകത്തും പുറത്തുനിന്നുമായി 456 കോടി നേടി മഹാവിജയമായെന്ന് മാത്രമല്ല നിരൂപക പ്രശംസ നേടുകയും ചെയ്തു. ചൈനയില്‍ നിന്നുമാത്രം 200 കോടി രൂപ കളക്ട് ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. അടുത്ത കാലത്തു ഹിന്ദി സിനിമമേഖലയില്‍ കണ്ട വലിയൊരു മൂവ്മെന്റ് ആയിരുന്നു 'അന്ധാദുന്‍' എന്ന് തന്നെ പറയാം. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് സിനിമ റീമേക്ക് ചെയ്യുന്നുണ്ട്. വിവിധ ഭാഷകളിലേക്ക് വലിയ തുകക്കാണ് ബിസിനസ് നടന്നിരിക്കുന്നത്.
മലയാളത്തിലെ ചിത്രീകരണം 2021ന് ആരംഭിക്കുമെന്നാണ് അറിയുന്നത്. പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന 'കോള്‍ഡ് കേസ്' പൂര്‍ത്തിയാക്കിയ ശേഷം 'കുരുതി' എന്ന സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്യും. അത് കഴിഞ്ഞിട്ടാണ് രവി കെ ചന്ദ്രന്റെ സിനിമയിലെത്തുക.