സി എന്‍ എ-
ചെന്നൈ:
തമിഴ്നാട്ടില്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രവേശനത്തെ കുറിച്ച് കുറേക്കാലമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞത്. ഡിസംബര്‍ 31ന് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനവും പുതുവര്‍ഷം ആരംഭിക്കുന്ന ജനുവരി ഒന്നിന് രാഷ്ട്രീയ പ്രവര്‍ത്തനവും ആരംഭിക്കാനുമാണ് തീരുമാനം. കുറേക്കാലമായി രജനിയും കൂട്ടരും നടത്തിവരുന്ന ശക്തമായ തയ്യാറെടുപ്പുകളുടെ അവസാനത്തിലാണ് പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഒപ്പം തന്നെ പുതിയ സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചും രജനീകാന്ത് വ്യക്തമാക്കുകയുണ്ടായി. രണ്ടു പ്രഖ്യാപനങ്ങളും രജനികാന്തിന്റെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചിരിക്കുന്നുവെന്നാണ് പുതിയ വിവരം.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'അണ്ണാത്ത' എന്ന സിനിമയിലാണ് രജനീകാന്ത് അഭിനയിച്ചുകൊണ്ടിരിന്നത്. ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിലായിരുന്നു ഷൂട്ടിംഗ്. ലോക്കഡൗണില്‍ നിര്‍ത്തിവെച്ച 'അണ്ണാത്ത'യുടെ ചിത്രീകരണം ജനുവരിയില്‍ പുനരാരംഭിക്കുമെന്ന് രജനികാന്ത് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമീണ കഥാന്തരീക്ഷത്തിലുള്ള സിനിമയില്‍ മീന, ഖുശ്ബു, കീര്‍ത്തി സുരേഷ് എന്നിവരാണ് നായികമാര്‍. മറ്റ് ഒരുപിടി അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഷൂട്ടിംഗ് സമയത്ത് പാര്‍ട്ടിയുടെ രജിസ്ട്രേഷനും മറ്റു കാര്യങ്ങളിലും തമിളരുവി മണിയന് തന്നെ സഹായിക്കുമെന്ന് രാജനീകാന്ത് വെളിപ്പെടുത്തി.