സി എന്‍ എ-
ചെന്നൈ:
തമിഴ് നാട്ടില്‍ കോവിഡ് മഹാമാരിയുടെ സമയത്ത് അടച്ച സിനിമാ തിയേറ്ററുകള്‍ മാസങ്ങള്‍ക്കു ശേഷം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും സിനിമ കാണാന്‍ ആളുകള്‍ കാര്യമായി എത്തുന്നില്ലെന്നായിരുന്നു തിയേറ്റര്‍ ഉടമകളുടെ സങ്കടം. നഗരത്തിലെ തീയേറ്ററുകളാണ് കൂടുതലും തുറന്നത്.
ഗ്രമങ്ങളിലെ തീയേറ്ററുകള്‍ ഇനിയും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. നഗരത്തിലെ തിയേറ്ററുകളില്‍ ആളുകള്‍ ധാരാളമായി എത്താത്തതാണ് പ്രധാനകാരണം.
എന്നാല്‍ ആ ഒരു പ്രതിസന്ധിഘട്ടത്തെ മറികടക്കാനുള്ള പരിഹാരം കണ്ടെത്തിയിരിക്കുയാണ് ഇപ്പോള്‍ തമിഴ്നാട്ടിലെ തിയേറ്റര്‍ ഉടമകള്‍. അര നൂറ്റാണ്ടു മുന്‍പ് ഇറങ്ങിയ എംജിആര്‍ അഭിനയിച്ച 'അന്പേ വാ' എന്ന ചിത്രം നഗരത്തിലെ പല പ്രമുഖ തിയറ്ററുകളിലും വീണ്ടും റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ദിവസങ്ങളില്‍ ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പ്രതികരണം മോശമല്ലെന്നാണ് ഉടമകള്‍ പറയുന്നത്. എംജിആറിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണു 'അന്പേ വാ'. തമിഴിലെ ആദ്യകാല കളര്‍ ചിത്രങ്ങളിലൊന്നായ സിനിമയുടെ അന്നത്തെ ബജറ്റ് 30 ലക്ഷമായിരുന്നു.
അക്കാലത്തെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് 'അന്പേ വാ'. നിര്‍മാണ ചെലവിന്റെ മൂന്ന് മടങ്ങ് കലക്ഷന്‍ നേടി റെക്കോര്‍ഡിട്ട ചിത്രം. സിനിമയില്‍ ബാലസുബ്രഹ്മണ്യം എന്ന യുവ ബിസിനസുകാരനെയാണു എംജിആര്‍ അവതരിപ്പിച്ചത്. സരോജ ദേവിയാണു നായിക. എംജിആര്‍ വീണ്ടും വെള്ളിതിരയിലെത്തുമ്പോള് പഴയ തലമുറയ്ക്കൊപ്പം യുവാക്കളും കാണാനെത്തുന്നുവെന്നതാണ് ശ്രദ്ധേയം. കാണികളെ ആകര്ഷിക്കാന്കഴിയുന്ന പുതിയ താരചിത്രങ്ങള്‍ വരുന്നതുവരെ എംജിആര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് തിയറ്റര്‍ ഉടമകളുടെ തീരുമാനം.