അഞ്ജു അഷ്റഫ്-
കൊച്ചി:
മലയാളസിനിമയുടെ ആരംഭകാലം മുതല്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരുന്നത് കേരളത്തിനു പുറത്തുനിന്നുള്ള ഫൈറ്റ് മാസ്റ്റര്‍മാരായിരുന്നു. അതില്‍ ഏറ്റവും പ്രധാനി ത്യാഗരാജന് മാസ്റ്ററാണ്. സിനിമാ തിയേറ്ററിലെ വലിയ സ്ക്രീനില്‍ സംഘട്ടനം ത്യാഗരാജനെന്ന് എഴുതി കാണിക്കുമ്പോള്‍ കയ്യടിയും ആര്‍പ്പുവിളികളും ഉയരുമായിരുന്നു. അത്രമാത്രം ജനകീയനായിരുന്നു ത്യാഗരാജന് മാസ്റ്റര്‍. ഒരു കാലഘട്ടം വരെ ചെന്നൈയില്‍ കേന്ദ്രീകരിച്ചിരുന്ന മലയാള സിനിമ കേരളത്തിലേക്ക് പറിച്ച്നട്ട സമയത്ത് ത്യാഗരാജന് മാസ്റ്ററും കൂടെ പോന്നു. മലയാളത്തിന്റെ അധികായനായ സംവിധായകന് ജോഷിയുടെ ഉറ്റ സുഹൃത്തായിരുന്നു ത്യാഗരാജന് മാസ്റ്റര്‍. അദ്ദേഹത്തിന്റെ ഒപ്പം നിന്നിരുന്ന ശിഷ്യന്മാര് പലരും പിന്നീട് ഫൈറ്റ് മാസ്റ്റര്‍മാരായി ജോലിക്കയറ്റം നേടി. സംഘട്ടന രംഗത്ത് മാത്രമല്ല ആദ്യകാലങ്ങളില്‍ സിനിമയുടെ എല്ലാ മേഖലകളിലും മലയാളത്തിനു പുറത്തു നിന്നുള്ളവരാണ് പ്രവര്‍ത്തിച്ചിരുന്നത്. കാലക്രമേണ അതില്‍ മാറ്റം വന്നു. മലയാള സിനിമയുടെ എല്ലാ വശങ്ങളിലും മലയാളികള്‍ ചുവടുറപ്പിച്ചു. അപ്പോഴും ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കാന്‍ പുറത്തു നിന്നുള്ളവരാണ് എത്തിയത്. അവിടെയും വലിയ മാറ്റം ഇപ്പോള്‍ സംഭവിച്ചിരിക്കുന്നു. കൊടുങ്ങല്ലൂര്‍ കാരനായ അഷ്റഫ് ഗുരുക്കളുടെ കളരിമുറകളും ചുവടുകളും നാടന്‍ തല്ലും മലയാളസിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പുതിയ നിറവുംകാഴ്ചയും പകര്‍ന്നു. മലയാളിയായ ഒരു ഫൈറ്റ് മാസ്റ്ററുടെ സജീവസാന്നിധ്യം ചലച്ചിത്രവേദിയില്‍ ഇപ്പോഴാണ് ഉണ്ടാവുന്നത്. സിനിമയില്‍ ആക്ഷനുണ്ടെന്നു പറഞ്ഞാല്‍ ഉടനെ ചെന്നൈക്ക് വിളിക്കും അവിടുന്ന് ഫൈറ്റ്മാസ്റ്റര്‍ വരും ഷൂട്ട് ചെയ്യും മടങ്ങിപ്പോകും. ഇതാണ് പതിവ് രീതി. ഇവിടെ ഒരു ഫൈറ്റ് മാസ്റ്റര്‍ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് ആരും ചിന്തിച്ചിട്ടില്ല. വൈകിയവേളയിലാണെങ്കിലും മലയാളസിനിമയ്ക്ക് സ്വന്തമായി ഒരു ഫൈറ്റ് മാസ്റ്റര്‍ ഉണ്ടായിരിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുപിടി സിനിമകളില്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കി മികവുതെളിയിച്ച അഷ്റഫ് ഗുരുക്കള്‍, ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന പൃഥ്വിരാജിന്റെ 'ജനഗണമന', ഉണ്ണിമുകുന്ദന്റെ 'മേപ്പടിയാന്', ഷൈന്‍നിഗം അഭിനയിക്കുന്ന 'ഖുര്‍ബാനി', വിഷ്ണു ഉണ്ണികൃഷ്ണന് നായകനാവുന്ന 'കൃഷ്ണന്‍കുട്ടി പണിതുടങ്ങി', 'ക്യാറ്റ്മാന്‍', 'ദി മോര്‍ഗ്' തുടങ്ങിയ ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുന്നു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷാ സിനിമകളിലും ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കാന്‍ ഗുരുക്കള്‍ക്ക് കഴിഞ്ഞു. സിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ ഹിന്ദി ഉള്‍പ്പെടെയുള്ള വിവിധ ഭാഷാചിത്രങ്ങളില്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ ആദ്യ മലയാളി ആയിരിക്കും കൊടുങ്ങല്ലൂര്‍ കാരനായ അഷ്റഫ് ഗുരുക്കള്‍. മലയാള സിനിമക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്.