എംഎം കമ്മത്ത്
കൊച്ചി:
ശാസ്ത്രാവബോധവും മാനവികതയും അന്വേഷണത്വരയും പരിഷ്ക്കരണ ബോധവും വളര്‍ത്തുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്റെയും കടമയാണെന്ന് വിശദമാക്കുന്ന ഭരണഘടനാ ആര്‍ട്ടിക്കിളാണ് 51 A(h).
ഇത് അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് 'ബാലപാഠങ്ങള്‍' എന്ന ലഘുചിത്രം.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാസ്ത്രാവബോധം വളര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത്.
'മാതളനാരങ്ങ', 'ഒരുവട്ടം കൂടി' എന്നീ വ്യത്യസ്ത സിനിമകള്‍ക്കുശേഷം അനില്‍ പരയ്ക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ലഘുചിത്രമാണിത്.
സ്മാര്‍ട്ട് ഫിലിംസിന്റെ ബാനറില്‍ ജെസ്റ്റിന് ചിറ്റിലപ്പിള്ളിയാണ് 'ബാലപാഠങ്ങളുടെ നിര്‍മ്മാതാവ്. ക്യാമറ- മിത്രന്, എഡിറ്റിംഗ്- മില്‍ജോ, സൗണ്ട്- റിച്ചാര്‍ഡ് അത്തിക്കാട്, സംഗീതം- മിഥുന് മലയാളം, സ്റ്റുഡിയോ- ചേതന.
ഇതിന് മുന്‍പ് അനില്‍ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു. കൂടാതെ 'ബാലപാഠങ്ങളില്‍ അഭിനയിച്ച രണ്ട് കുട്ടികള്‍ക്കും മികച്ച നടനും നടിക്കുമുള്ള പുരസ്കാരങ്ങളും ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പുരസ്കാരമാണ് ഇവരെ തേടിയെത്തിയത്. മികച്ച നടനുള്ള പുരസ്കാരം അനിന്റെ മകന് ഗോകുലിനും മികച്ച നടിക്കുള്ള പുരസ്കാരം അമ്മാടം മുള്ളക്കരയിലെ നേഹ ഉണ്ണികൃഷ്ണനുമാണ് ലഭിച്ചത്.
മൂന്നുവര്‍ഷം മുമ്പാണ് അനില്‍ പരയ്ക്കാട് സിനിമാ സംവിധാന രംഗത്തേക്ക് കടന്നത്.
സംവിധാനം ചെയ്തത് മൂന്ന് കൊച്ചു സിനിമകള്‍. ചുരുങ്ങിയ കാലംകൊണ്ട് സംവിധാനം ചെയ്ത മൂന്ന് സിനിമകള്‍ക്കും അന്താരാഷ്ട്ര ചലച്ചിത്രമേളയിലടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിക്കുകയും ചെയ്തു.