സി എന്‍ എ-
ഹൈദരാബാദ്:
ഇന്ത്യന്‍ സിനിമയെ വാനോളമുയര്‍ത്തിയ 'ബാഹുബലി' എന്ന ചിത്രം, ചലച്ചിത്ര ലോകവും പ്രേക്ഷകരും മറന്നു പോകാന്‍ ഇടയില്ല. സിനിമയുടെ ഇടവും വലവും ഉയര്‍ന്നു നില്ക്കുന്ന കരുത്തുറ്റ രണ്ട് പില്ലറുകളാണ് ബാഹുബലിയും ബല്ലാല്‍ ദേവനും. തെലുങ്ക് സിനിമയിലെ രണ്ടാംനിര താരങ്ങളായ പ്രഭാസും റാണ ദഗ്ഗുബതിയുമാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലോകത്താകമാനം വിജയഭേരി മുഴക്കിയ 'ബാഹുബലി' പ്രഭാസിനും റാണക്കും പുതിയ താരപരിവേഷം നല്കി. ആ ഒരൊറ്റ സിനിമ കൊണ്ട് ജനമനസ്സുകളില്‍ കൂടുകൂട്ടിയ ബാഹുബലിയിലെ ബല്ലാല്‍ ദേവനേ... റാണ ദഗ്ഗുബതിയെ നമ്മള് കണ്ടതല്ലേ. നല്ല ഉയരവും അതിനൊത്ത വണ്ണവും ആരോഗ്യ ദൃഡഗാത്രനായ റാണ ദഗുബതിയെ ഞെട്ടലോടെ അല്ലാതെ ഇന്ന് ആര്‍ക്കും കാണാന്‍ കഴിയില്ല. ബാഹുബലിക്ക് ശേഷം മെലിഞ്ഞു ശോഷിച്ച രൂപത്തിലുള്ള റാണ ദഗുബതിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ഇതേക്കുറിച്ച് വ്യക്തമായ മറുപടി ഒന്നും ഉണ്ടായില്ല. ഇപ്പോള്‍ എല്ലാത്തിനും മറുപടിയുമായി അദ്ദേഹം ജനങ്ങള്‍ക്ക് മുന്നില്‍ വന്നിരിക്കുന്നു. 'aha' എന്ന തെലുങ്ക് ചാനലില്‍ നടി സമന്താ അവതരിപ്പിക്കുന്ന ചാറ്റ് ഷോ ആയ 'സാം ജാമി'ല്‍ അതിഥിയായെത്തിയ റാണ തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. 'ജീവിതം അതിവേഗം മുന്നോട്ടു പോകുമ്പോള്‍ പെട്ടെന്ന് ബ്രേക്കിട്ടത് പോലെ നിര്‍ത്തേണ്ടി വരിക. ഹൃദയത്തിന്റെ പ്രവര്‍ത്തനം പ്രശ്നത്തിലാണ്. ബി പി ഉണ്ടായിരുന്നു. ഹൃദയാഘാതം സംഭവിക്കാന്‍ 70 ശതമാനവും മരണത്തിന് മുപ്പതു ശതമാനവും സാധ്യത കാണുന്നുവെന്ന് നടിയും സഹ പ്രവര്‍ത്തകയുമായ സമന്തായോട് പറയുമ്പോള്‍ റാണയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.