സി എന്‍ എ-
ചെന്നൈ:
യുവ നടന് ജയംരവി അഭിനയിക്കുന്ന ഇരുപത്തിയഞ്ചാമത്തെ തമിഴ് ചിത്രമായ 'ഭൂമി' പൊങ്കലിന് ഡിസ്നി ഹോട്ട് സ്റ്റാറില്‍ റിലീസ് ചെയ്യും.
സിനിമാ തിയേറ്ററുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് പുതിയ സിനിമ ഒ ടി ടി പ്ലാറ്റ്ഫോമില്‍ എത്തുന്നത്.
ജനുവരി മാസത്തിലെ പൊങ്കല്‍ ഉത്സവ ആഘോഷ ദിവസം വിജയ്യുടെ 'മാസ്റ്റര്‍' എന്ന സിനിമ തമിഴ്നാട്ടിലെ മുഴുവന്‍ തീയേറ്ററുകളിലും റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം നിലനില്‍ക്കുന്ന സമയത്ത് രണ്ടാമതൊരു സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് തമിഴ് ചലച്ചിത്ര സംഘടനകളുടെ തീരുമാനം. ജ്യോതിക അഭിനയിച്ച 'പൊന്മകള് വന്താല്‍', സൂര്യയുടെ 'സൂരറൈപോട്ട്ര്, നയന്‍താരയുടെ 'മൂക്കുത്തിഅമ്മന്' തുടങ്ങിയ സിനിമകള്‍ ഇതിനോടകം ഒ ടി ടി പ്ലാറ്റ്ഫോമിലെത്തി വിജയം നേടിയ സിനിമകളാണ്. ഇതിനെതിരെ ആരാധകര്‍ പ്രതിഷേധമുയര്ത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ്. ജയം രവിയുടെ 'ഭൂമി' കോവിഡ് കാലഘട്ടത്തില്‍ പൂര്‍ത്തിയാക്കിയ സിനിമയാണ്. 2021 പൊങ്കല്‍ ദിവസം ഡിസ്നി ഹോട്ട്സ്റ്റാര്‍ ചിത്രം റിലീസ് ചെയ്യും.
തിയേറ്ററില്‍ സിനിമ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. നിലവിലെ സാഹചര്യം അനുകൂലമല്ലാത്തതുകൊണ്ടാണ് വീടുകളില്‍ എത്തിക്കാനുള്ള ശ്രമം നടത്തിയതെന്ന് ജയം രവി വ്യക്തമാക്കി. 'എല്ലാ ഉത്സവ ആഘോഷങ്ങളിലും തീയേറ്ററില്‍ പോയി സിനിമ കാണാറുള്ള നിങ്ങള്‍ ഇത്തവണ വീടുകളിലിരുന്ന് മനോഹരമായ സിനിമകണ്ട് ആഘോഷം ഗംഭീരമാക്കണമെന്നും വരാനിരിക്കുന്ന എന്റെ മറ്റു സിനിമകള്‍ നിങ്ങളോടൊപ്പം തീയേറ്ററിലിരുന്ന് കാണാനാണ് ആഗ്രഹിക്കുന്ന'തെന്നും ജയം രവി പറഞ്ഞു.