എ എസ് ദിനേശ്-
കൊച്ചി:
'പറവ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ അമല്‍ ഷാ, ഗോവിന്ദ് പൈ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുധേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ചങ്ങായി' ഫെബ്രുവരി 11ന് തിയ്യേറ്ററുകളിലെത്തുന്നു.
ഈ വാര്‍ത്ത ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ സുധേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുറത്തുവിട്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
''പ്രിയമുള്ള സിനിമ പ്രേമികളെ...
'ചങ്ങായി' എന്ന ഞങ്ങളുടെ സിനിമ കോവിഡിന്റെ ഒന്നാം തരംഗം കഴിഞ്ഞപ്പോള്‍ തിയേറ്റര്‍ റിലീസിനായി ഡേറ്റ് എടുത്തുവെങ്കിലും വാക്സിനേഷന് പോലും തുടങ്ങിയിട്ടില്ലാത്ത കാലമായതിനാല്‍ തിയേറ്ററുകളില്‍ ആളുകള്‍ എത്താത്ത സാഹചര്യമുണ്ടാവുകയും റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഞങ്ങള്‍ തന്നെ തിയേറ്ററില്‍ നിന്നും സിനിമ പിന്‍വലിക്കേണ്ട ദുരവസ്ഥയുണ്ടാവുകയും ചെയ്തു.
അന്ന് ചങ്ങായി എന്ന സിനിമ തിയേറ്ററില്‍ പോയി കാണാന്‍ കഴിയാത്തതിനുള്ള വിഷമം അറിയിച്ച എല്ലാവര്ക്കും ഞാന്‍ ഒരു വാക്ക് കൊടുത്തിരുന്നു.
നല്ലൊരു സമയത്ത് തിയ്യേറ്ററുകളില്‍ തന്നെ 'ചങ്ങായി' റിലീസ് ചെയ്യുമെന്ന്.
അന്ന് മുതല്‍ 'ചങ്ങായി'യെ സാറ്റലൈറ്റിനും ഒടിടി തുടങ്ങിയ ഒരു പ്ലാറ്റഫോമിലും വില്‍ക്കാതെ നെഞ്ചോട് ചേര്‍ത്ത് വെച്ച് ഞാന്‍ കാത്തിരിക്കുകയായിരുന്നു തിയേറ്ററുകള്‍ വീണ്ടും തുറക്കാന്‍ വേണ്ടി.
താരമൂല്യമുള്ള ചിത്രങ്ങള്‍ തിയേറ്റുകളില്‍ വലിയ ചലനം ഉണ്ടാക്കാതെ പിന്‍വാങ്ങുകയും യൂത്തിന് ആഘോഷിക്കാന്‍ പറ്റിയ 'ജാന്‍ എ മന്', 'സുമേഷ് & രമേഷ്', 'സൂപ്പര്‍ ശരണ്യ', 'ഹൃദയം' തുടങ്ങിയ ചിത്രങ്ങള്‍ വിജയമാവുകയും ചെയ്ത സാഹചര്യത്തില്‍ 'ചങ്ങായി'യുടെയും പ്രസക്തി ഏറുകയാണ്.
'ആക്ഷന്‍ ഹീറോ ബിജു' എന്ന ചിത്രത്തിനുശേഷം മുഹമ്മദ് ഷഫീഖ് തിരക്കഥയെഴുതി 'പറവ'ക്ക് ശേഷം ഇച്ചാപ്പിയും ഹസീബും നായകന്മാരാകുന്ന 'ചങ്ങായി' ഫെബ്രുവരി 11ന് തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യുന്ന വിവരം എല്ലാവരെയും സന്തേഷപൂര്വ്വം അറിയിക്കുന്നു.
എല്ലാവരുടെയും സപ്പോര്‍ട്ട് ഉണ്ടാവണം.
ഒപ്പം 'ചങ്ങായി'യെ തീയ്യേറ്ററില്‍ എത്തിക്കാന്‍ എന്റെ കൂടെ നിന്ന എല്ലാ തിയേറ്റര്‍ ഉടമകളോടും ഞാന്‍ എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സ്നേഹത്തോടെ സുധേഷ് (പ്രൊഡ്യൂസര്‍)''
'ആക്ഷന്‍ ഹീറോ ബിജു' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മുഹമ്മദ് ഷഫീഖാണ് 'ചങ്ങായി'യുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ശ്രീ ലക്ഷ്മിയാണ് നായിക.
ഭഗത് മാനുവല്‍, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, കോട്ടയം പ്രദീപ്, വിനോദ് കോവൂര്‍, വിജയന് കാരന്തൂര്‍, സുശീല്‍ കുമാര്‍, ശ്രീജിത്ത് കൈവേലി, സിദ്ധിഖ് കൊടിയത്തൂര്‍, വിജയന് വി നായര്‍, മഞ്ജു പത്രോസ്, അനു ജോസഫ് എന്നിവരാണ് 'ചങ്ങായി'യിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
ഐവ ഫിലിംസിന്റെ ബാനറില്‍ വാണിശ്രീ നിര്‍മ്മിക്കുന്ന 'ചങ്ങായി'യുടെ ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിര്‍വ്വഹിക്കുന്നു.
ഉറ്റ ചങ്ങാതിമാരായ ഇര്‍ഫാനും മനുവും കടമ്പൂര് സ്ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്. വ്യത്യസ്ത മതത്തില്‍ പെട്ടവരും തികഞ്ഞ മത വിശ്വാസികളുമായ അവരുടെ അസൂയാവഹമായ സൗഹൃദത്തിന്റെ കഥയാണ് 'ചങ്ങായി'യില്‍ പറയുന്നത്.
'ചങ്ങായി'യിലെ ഗാനങ്ങള്‍ ചിട്ടപെടുത്തിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന് മോഹന്‍ സിതാരയാണ്. ഗാന രചന നിര്‍വ്വഹിച്ചിരിക്കുന്നത് സൗദിയിലെ മലയാളി എഴുത്തുകാരി ഷഹീറ നസിര്‍ ആണ്.
എഡിറ്റര്‍- സനല്‍ അനിരുദ്ധന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രേംകുമാര്‍ പറമ്പത്ത്, കല- സഹജന് മൗവ്വേരി, മേക്കപ്പ്- ഷനീജ് ശില്പം, വസ്ത്രാലങ്കാരം- ബാലന് പുതുക്കുടി, സ്റ്റില്‍സ്- ഷമി മാഹി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജയേന്ദ്ര വര്‍മ്മ, അസോസിയേറ്റ് ഡയറക്ടര്‍- രാധേഷ് അശോക്, അസിസ്റ്റന്റ് ഡയറക്ടര്‍- അമല്‍ദേവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുഗുണേഷ് കുറ്റിയില്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com