എഎസ് ദിനേശ്-
കൊച്ചി:
ദേശീയ അന്തര്‍ദേശീയ പുരസ്ക്കാര ജേതാവ് രാജേഷ് ടച്ച്റിവര്, കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'സയനൈഡ്' എന്ന ബഹുഭാഷാ ചിത്രത്തില്‍ പ്രശസ്ത താരം സിദ്ധിഖ് വളരെ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കേരള സംസ്ഥാന അവാര്‍ഡ്, ആന്ധ്രപ്രദേശ് സംസ്ഥാന അവാര്‍ഡ്, ഫിലിംഫെയര്‍ അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയ, മലയാളത്തില്‍ മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച അനുഭവ സമ്പത്തുമായി സയനൈഡ് ടീമിനൊപ്പം സിദ്ധിഖ് ചേരുകയാണ്.
രാജേഷ് ടച്ച്റിവറിന്റെ 'നാ ബംഗാരു തള്ളി' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ആന്ധ്ര സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് സിദ്ധിഖ് നേടിയിട്ടുണ്ട്. മറ്റൊരു സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ് നേടുന്ന ആദ്യ മലയാള നടനാണ് സിദ്ദിഖ്.
മികച്ച നടിക്കുള്ള ദേശീയ ആവാര്‍ഡ് നേടിയ തെന്നിന്ത്യയിയിലെ പ്രശസ്ത താരം പ്രിയാമണി, സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്സറായി ശക്തമായ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മിഡിലീസ്റ്റ് സിനിമ, പ്രൈംഷോ എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ബാനറില്‍ പ്രദീപ് നാരായണന്, കെ നിരഞ്ജന് റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് ബഹുഭാഷാ ചിത്രമായ 'സയനൈഡ്' നിര്‍മ്മിക്കുന്നത്.
ഇരുന്നൂറ്റിയന്പതിലേറെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി, രണ്ടു പ്രാവശ്യം മികച്ച സ്വഭാവ നടനുള്ള കര്‍ണാടക സംസ്ഥാന അവാര്‍ഡും ഫിലിംഫെയര്‍ അവാര്‍ഡും നേടിയ പ്രശസ്ത കന്നട താരം രംഗായനരഘുവും ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.
കൂടാതെ, സംസ്ഥാന അവാര്‍ഡ് ജേതാവ് മണികണ്ഠന് ആചാരി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടര്‍, ചിത്തരഞ്ജന് ഗിരി, തനിക്കെല ഭരണി, രാംഗോപാല്‍ ബജാജ്, ഷിജു, ശ്രീമാന്‍, സമീര്‍, രോഹിണി, സഞ്ജു ശിവറാം, ഷാജു ശ്രീധര്‍, മുകുന്ദന്, റിജു ബജാജ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'ഗജനി', 'പാ', 'സ്പെഷ്യല്‍ 26', 'ലക്ഷ്യ', 'ഉറുമി' എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളടക്കം വിവിധ ഭാഷകളിലായി ആയിരത്തിലേറെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ, കേരള സംസ്ഥാന അവാര്‍ഡ് ജേതാവ് സുനില്‍ ബാബു ഈ ചിത്രത്തില്‍ കലാ സംവിധാനം നിര്‍വ്വഹിക്കുന്നു.
'ഈ ചിത്രത്തിനുവേണ്ടി കഥയിലെ നിര്‍ണ്ണായക സ്വാധീനമുള്ള അഞ്ചോളം സെറ്റുകള്‍ ഒരുക്കേണ്ടതുണ്ടെന്ന കാരണത്താല്‍ ഞങ്ങള്‍ സുനില്‍ ബാബുവിലേക്ക് എത്തുകയായിരുന്നു' എന്ന് നിര്‍മ്മാതാവ് പ്രദീപ് നാരായണന് പറഞ്ഞു.
'സയനൈഡ് മോഹന്റെ കഥ നാമെല്ലാം പത്രങ്ങളിലൂടെ അറിഞ്ഞതാണ്. എന്നാല്‍ സംവിധായകന് രാജേഷ് ടച്ച്റിവര് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത് വ്യത്യസ്തമായ ഒരു കാഴ്ചയാണ്' നിര്‍മ്മാതാവ് കെ നിരഞ്ജന് റെഡ്ഢി പറയുന്നു.
'ഇരുപതിലേറെ യുവതികളെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം സയനൈഡ് നല്കി കൊലപ്പെടുത്തി അവരുടെ സ്വര്‍ണാഭരണങ്ങളുമായി കടന്നു കളയുകയെന്നതായിരുന്നു മോഹന്റെ രീതി. എല്ലാവര്ക്കും അറിയാവുന്നപോലെ ഈ സിനിമ, സയനൈഡ് മോഹന്റെ കേസില്‍ നിന്നും പ്രചോദനം ഉള്ക്കൊണ്ടതുതന്നെയാണെങ്കിലും, കഥപറയുന്ന രീതി തികച്ചും വ്യത്യസ്തമായാണ്.' സംവിധായകന് രാജേഷ് ടച്ച്റിവര് പറഞ്ഞു.
ഒരു പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുക്കുന്ന സയനൈഡിനു വേണ്ടി തെലുഗു, തമിഴ്, കന്നട, മലയാളം എന്നീ ഭാഷകളില്‍ പ്രിയാമണി പ്രധാനകഥാപാത്രമാകുമ്പോള് ഹിന്ദിയില്‍ ആ വേഷം ചെയ്യുന്നത് പ്രമുഖ ബോളിവുഡ് താരം യശ്പാല്‍ ശര്‍മ്മയാണ്.
വിവിധ ഭാഷകളില്‍ നിന്നുമായി അതിപ്രശസ്തരായ താരങ്ങളാണ് ഈ ചിത്രത്തിനായി ഒന്നിക്കുന്നത്.
അന്താരാഷ്ട്ര പുരസ്കാര ജേതാവായ ബോളിവുഡ് സംഗീതസംവിധായകന് ജോര്‍ജ് ജോസഫിനൊപ്പം ദേശീയ പുരസ്കാര ജേതാവായ സൗണ്ട് ഡിസൈനര്‍ അജിത് അബ്രഹാം, കേരള സംസ്ഥാന അവാര്‍ഡ് നേടിയ പ്രോസ്തെറ്റിക് മേക്കപ്പ് സ്പെഷ്യലിസ്റ്റ് എന്‍ ജി റോഷന്, വിവിധ ഭാഷാ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായി പുരസ്കാരങ്ങള്‍ നേടിയ എഡിറ്റര്‍ ശശികുമാര്‍ എന്നിവര്‍ സയനൈഡിനായി ഒത്തു ചേരുന്നു.
ഡോക്ടര്‍ ഗോപാല്‍ ശങ്കര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.
ഈ ചിത്രത്തിലെ സംഭാഷണങ്ങള്‍ തെലുങ്കില്‍ പുന്നം രവിയും, തമിഴില്‍ രാജാചന്ദ്രശേഖറും, മലയാളത്തില്‍ രാജേഷ് ടച്ച്റിവറും ലെനന് ഗോപിനും ചേര്‍ന്ന് എഴുതുന്നു.
രാഷ്ട്രപതിയുടെ പത്മശ്രീ പുരസ്കാരം നേടിയ ഡോക്ടര്‍ സുനിതാ കൃഷ്ണന് കണ്ടന്റ് അഡൈ്വസറായി ഈ ചിത്രത്തില്‍ സഹകരിക്കുന്നു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ ഹൈദരാബാദ്, ബംഗളൂരു, ഗോവ, മംഗലൂരു, മൈസൂര്‍, കൂര്‍ഗ്, മടിക്കേരി, കാസര്‍ഗോഡ് എന്നിവയാണ്. വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.