CNA
തൊടുപുഴ:
കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ ഏറെയാണ്. എന്നാല്‍ ഇരുവരും ഒന്നിച്ചുള്ള കൂടിച്ചേരലിന് വലിയൊരു ഇടവേളയുണ്ടായി, ആ ഇടവേളക്കു ബ്രേക്ക് നല്‍കിക്കൊണ്ട് ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് 'എന്താടാ സജി'.
നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു, തിരക്കഥ രചിച്ച് ഈ ചിത്രം സംവിധാനം ചെയ്യുന്നു.
മലയാള സിനിമയില്‍ നിരവധി മികച്ച സിനിമകള്‍ നിര്‍മ്മിച്ചു പോരുന്ന ലിസ്റ്റിന് സ്റ്റീഫന്‍ മാജിക്ക് ഫ്രയിംസിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു.
തൊടുപുഴക്കടുത്തുള്ള പെരിയമ്പ്ര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഏപ്രില്‍ ഒന്നിന് വെള്ളിയാഴ്ച്ച കാലത്താണ് ഈ സിനിമ ആരംഭിച്ചത്.
ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തു കൊണ്ടാണ് ഗോഡ്ഫിയുടെ ഈ രംഗത്തേക്കുള്ള കടന്നുവരവ്. ഫീച്ചര്‍ ഫിലിമിലേക്കുള്ള തന്റെ ആദ്യചുവടുവയ്പ്പുകൂടിയാണ് ഈ ചിത്രം.
ലിസ്റ്റിന് സ്റ്റീഫന്‍, ഏബ്രഹാം മാത്യു, ആല്വിന് ആന്റണി, ശ്രീമതി സോഫിയാ ബാബു, ജിത്തു ദാമോദര്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത്.
തുടര്‍ന്ന് ശ്രീമതി ബനീറ്റാ സ്റ്റീഫന്‍ സ്വിച്ചോണ്‍ കര്‍മ്മവും പ്രശസ്ത നടി ഷീലു ഏബ്രഹാം ഫസ്റ്റ് ക്ലാപ്പും നല്കി.
തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തില്‍ നര്‍മ്മത്തിനു പ്രാധാന്യം നല്കി അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. നിവേദിതാ തോമസ്സാണ് ഈ ചിത്രത്തിലെ നായിക.
നിവേദിതയും നല്ലൊരു ഇടവേളക്കുശേഷമാണ് മലയാളത്തിലെത്തുന്നത്.
സിദ്ധാര്‍ത്ഥ് ശിവാ, ശ്രീജിത്ത് രവി, സെന്തില്‍, വിമല്‍, പ്രേം പ്രകാശ്, രാജേഷ് ശര്‍മ്മ, ബെന്നി പി. നായരമ്പലം, ജോസൂട്ടി, ജിത്തു ജോസ്, സന്തോഷ് കൃഷ്ണന്, പുജപങ്കജ്, ലിന്റെ തുടങ്ങിയവരും ഓഡിയേഷനിലൂടെ തെരഞ്ഞെടുത്ത അമ്പതോളം പുതുമുഖങ്ങളും ഈ ചിത്രത്തിലുണ്ട്.
സംഗീതം- വില്യം ഫ്രാന്‍സിസ്, ജിത്തു ദാമോദര്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- ഷിജിപട്ടണം, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം സിസൈന്‍- സമീറാ സനീഷ്, കോ പ്രൊഡ്യൂസര്‍- ജസ്റ്റിന് സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഗിരീഷ് കൊടുങ്ങല്ലൂര്‍.
തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.
- വാഴൂര്‍ ജോസ്.
ഫോട്ടോ- പ്രേംലാല്‍ പട്ടാഴി.