CNA
കൊച്ചി:
മലയാള സിനിമ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമുള്ള സംവിധായകനാണ് ടി വി ചന്ദ്രന്.
പ്രമേയപരിചരണത്തിലും വിഷയസ്വീകരണത്തിലും ടി വി ചന്ദ്രനോളം വൈവിധ്യം പുലര്‍ത്തിയ ഏറെ സംവിധായകര്‍ നമുക്കില്ല.
സിനിമയുടെ രാഷ്ട്രീയം തന്റെ സിനിമകളുടെ ഉള്ളടക്കം മാത്രമായല്ല ചന്ദ്രന് സ്വീകരിച്ചത്; മറിച്ച് സിനിമയുടെ വ്യാകരണത്തെത്തന്നെ തന്റെ രാഷ്ട്രീയബോധ്യം കൊണ്ടും സാമൂഹികമായ ഉള്‍ക്കാഴ്ചകൊണ്ടും അകംപുറം മറിക്കാന്‍ അദ്ദേഹം നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.
സ്ത്രീയുടെ ആന്തരികവും ബാഹ്യവുമായ ലോകങ്ങളെ സൂക്ഷ്മമായി പിന്തുടരുന്ന നിരവധി സിനിമകള്‍ പലകാലങ്ങളിലായി അദ്ദേഹം നിര്‍മ്മിച്ചുകൊണ്ടിരുന്നു.
മുഖ്യധാരാ സിനിമകള്‍ ഒരിക്കലും തുറന്നുകാണിക്കാന്‍ തുനിഞ്ഞിട്ടില്ലാത്തതും വൈവിധ്യപൂര്‍ണ്ണവുമായ സ്ത്രീകളുടെ കരുത്തിന്റെയും ഇച്ഛാശക്തിയുടെയും നേര്‍സാക്ഷ്യങ്ങളാണ് ടി വി ചന്ദ്രന്റെ സിനിമകള്‍.
ഇപ്പോഴും കര്‍മ്മനിരതനായി തന്റെ ചലച്ചിത്രജീവിതം തുടരുന്ന ടി വി ചന്ദ്രന് എന്ന മലയാളത്തിന്റെ അഭിമാനമായ ചലച്ചിത്ര പ്രതിഭയെ അഭിവാദ്യം ചെയ്തുകൊണ്ട് ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളം അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ നാഴികക്കല്ലുകളായ 7 സിനിമകള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുന്നു.
2022 ഫെബ്രുവരി 10 മുതല്‍ 16 വരെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ടി വി ചന്ദ്രന് ചലച്ചിത്രോത്സവത്തില്‍ ആലീസിന്റെ അന്വേഷണം, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, മങ്കമ്മ, ഡാനി, ആടുംകൂത്ത്, ഭൂമിമലയാളം, മോഹവലയം എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
ഇന്ത്യന്‍ സിനിമയിലെ പ്രതിഭാധനനായ ചലച്ചിത്ര സംവിധായകന് സെയിദ് അഖ്തര്‍ മിര്‍സ 2022 ഫെബ്രു. 10 വ്യാഴാഴ്ച വൈകുന്നേരം 6. മണിക്ക് ടി വി ചന്ദ്രന് ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും.
ഫെബ്രു. 16 ന് വൈകുന്നേരം 6. മണിക്ക് ചലച്ചിത്രോത്സവത്തോട് അനുബന്ധിച്ചുള്ള ഓപ്പണ്‍ ഫോറം ഉണ്ടാകും.
ഉദ്ഘാടനവും ഓപ്പണ്‍ ഫോറവും ZOOM പ്ലാറ്റ്ഫോമില്‍ LIVE ആയിട്ടായിരിക്കും നടക്കുക.
എല്ലാ സിനിമകളും പ്രമുഖരായ ചലച്ചിത്ര നിരൂപകര്‍ അവതരിപ്പിക്കും.
സിനിമകളും ആമുഖഭാഷണങ്ങളും എല്ലാ ദിവസവും വൈകുന്നേരം 6.30 മുതല്‍ https://ffsikeralam.online എന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ കാണാവുന്നതാണ്.
CLICK HERE TO LOGIN THE LINK
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
FFSI കേരളം,
റീജണല്‍ സെക്രട്ടറി,
എഫ്എസ്ഐ കേരളം,
Mob: 83040 28294.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com