മീഡിയ ഡെസ്ക്-
കൊച്ചി:
കൂട്ടിക്കലും പരിസരപ്രദേശങ്ങളിലും ഉണ്ടായ പ്രകൃതി ദുന്തത്തില്പ്പെട്ട് കഷ്ടപ്പെടുന്നവര്‍ക്ക് സഹായ ഹസ്തവുമായി മുന്നോട്ടുവരാന്‍ താല്പര്യമുള്ളവരെ ക്ഷണിക്കുകയും സഹായിച്ചവരെ നന്ദിയുമറിയിച്ചുകൊണ്ടുള്ള, പ്രൊഡ്യൂസറും മമ്മൂട്ടിയുടെ പേര്‍സണല്‍ അസിസ്റ്റന്റും മേക്കപ്പ്മാനുമായ ജോര്‍ജിന്റെ ഫേസ് ബുക്ക് പോസ്റ്റ് വയറലാവുന്നു.
'കൂട്ടിക്കലും പരിസരപ്രദേശങ്ങളിലും ഉണ്ടായ സമാനതകള്‍ ഇല്ലാത്ത ദുരന്തം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അടിയന്തിരമായി അവിടെ പോകാനും നമ്മുടെ സഹജീവികള്‍ക്ക് ആവശ്യമുള്ള സഹായം ഉടനടി എത്തിക്കാനും മമ്മുക്ക ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴയുടെ നേതൃത്വത്തില്‍ ഇന്നലെ മുതല്‍ ഒരു സംഘം ആളുകള്‍ കൂട്ടിക്കലില്‍ ക്യാമ്പ് ചെയ്ത് ആവശ്യമായ കാര്യങ്ങള്‍ ചെയ്ത് പോരുകയാണ്. എല്ലാം നഷ്ടപ്പെട്ട നമ്മുടെ കൂടെ പിറപ്പുകള്‍ക്ക് വേണ്ടി സംസ്ഥാനസര്‍ക്കാര്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. നമുക്ക് പറ്റും വിധത്തില്‍ നമ്മളും സപ്പോര്‍ട് ചെയ്യുന്നു.
ആദ്യമായിട്ട് അവര്‍ക്ക് കുടിവെള്ളം സംഭരിക്കാനും ഉപയോഗിക്കാനും ഉതകും വിധത്തില്‍ 150 പുതിയ ജല സംഭരണികള്‍ കോയമ്പത്തൂരില്‍ നിന്നും ഇപ്പോള്‍ കോട്ടയത്ത് എത്തിയിട്ടുണ്ട്. കൂടാതെ രണ്ടായിരത്തില്‍ പരം ആളുകള്‍ക്ക് നിത്യോപയോഗത്തിനു ഉപകരിക്കും വിധത്തില്‍ നേരിട്ട് സഹായം എത്തിക്കുന്നതിനുള്ള സാധനങ്ങള്‍ നാളെയോട് കൂടി എത്തിച്ചേരും. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെഉള്ള മെഡിക്കല്‍ സംഘത്തെ അവിടെ എത്തിക്കാന്‍ മമ്മൂക്ക തന്നെ നേരിട്ട് ഇടപെടുന്നുമുണ്ട്.
ആലുവ രാജഗിരി ആശുപത്രി അധികൃതര്‍ ഈ ഉദ്യമത്തിന് ഇതിനോടകം തങ്ങളുടെ പിന്തുണ അദ്ദേഹത്തെ അറിയിച്ചു കഴിഞ്ഞു. ആ സൗകുര്യങ്ങളും നാളെ അല്ലങ്കില്‍ മറ്റന്നാള്‍ പുലര്‍ച്ചെ ക്യാമ്പുകളില്‍ എത്തിക്കും. വിശദമായി കാര്യങ്ങള്‍ ഉടനെ എല്ലാവരെയും അറിയിക്കും. ഈ ഉദ്യമത്തില്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലൂടെ മമ്മൂക്ക നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്കും പങ്കാളിയാവാന്‍ +91 8156930369 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. (തങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്ക നടത്തുന്ന പ്രവര്‍ത്തനം അറിഞ്ഞ ക്യാനടയിലെ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന് ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകര്‍ അന്‍പതു ജലസംഭരണികള്‍ സംഭാവന ചെയ്യുവാന്‍ മുന്പോട്ട് വന്നത് നന്ദിയോടെ അറിയിക്കുന്നു). എന്തായാലും കൂടുതല്‍ വിവരങ്ങള്‍ ഉടനെ തന്നെ അറിയിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു.' എന്നാണ് ജോര്‍ജ് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റ്.