സി എന്‍ എ-
പാലക്കാട്:
പാവനാടകത്തിലെ ലങ്കാലക്ഷ്മിയുടെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത ഐ.എഫ്.എഫ്.കെ. ലോഗോയുടെ ചരിത്രസ്മരണയുണര്ത്തിയ തോല്‍പ്പാവക്കൂത്ത് നവ്യാനുഭവമായി. പത്മശ്രീ രാമചന്ദ്രപുലവരും സംഘവുമാണ് തോല്‍പ്പാവക്കൂത്ത് അവതരിപ്പിച്ചത്.
നിഴലും വെളിച്ചവും കൊണ്ടുള്ള ദൃശ്യകലയുടെ രൂപത്തില്‍ അവതരിപ്പിച്ച പാവക്കൂത്തില്‍ ബ്രഹ്മാവിന്റെ ശാപമേറ്റ് ലങ്കയുടെ കാവല്ക്കാരിയാകേണ്ടി വന്ന ലങ്കാലക്ഷ്മിക്ക് ഹനുമാന് ശാപമോക്ഷം നല്കുന്ന രംഗമാണ് അവതരിപ്പിച്ചത്. ശാപമോക്ഷം ലഭിച്ച ലങ്കാ ലക്ഷ്മി ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തുന്ന ദൃശ്യമാണ് ഐ.എഫ്.എഫ്.കെ. ലോഗോയില്‍ ആലേഖനം ചെയ്തിരിക്കുന്നത്.
1988 ല്‍ ഇന്ത്യന്‍ പനോരമയ്ക്കുവേണ്ടി സിനിമയെ പ്രതിനിധാനം ചെയ്യുന്ന ചിത്രരൂപം ഉണ്ടാക്കാന്‍ ജി. അരവിന്ദന് നടത്തിയ അന്വേഷണമാണ് ലങ്കാലക്ഷ്മിയില്‍ എത്തിയത്. രാമചന്ദ്രപുലവരുടെ പിതാവ് കൃഷ്ണന്‍കുട്ടി പുലവര്‍ ആണ് ദൃശ്യഭംഗിയും സന്ദര്‍ഭ സാധ്യതയുമുള്ള ലങ്കാലക്ഷ്മിയുടെ രൂപം അന്ന് തെരഞ്ഞെടുത്തത്. മൂന്നാംപതിപ്പു മുതലാണ് ഈ ലോഗോ കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായത്.
പത്മശ്രീ നേടിയ രാമചന്ദ്രപുലവരെ ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ആദരിച്ചു. ചെയര്മാന് കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനപോള്‍, സെക്രട്ടറി അജോയ് ചന്ദ്രന്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി.ആര്. അജയന് തുടങ്ങിയവര്‍ പങ്കെടുത്തു.