സി എന്‍ എ-
കൊച്ചി:
സീറോ ബഡ്ജറ്റില്‍ ഒരുക്കിയ ത്രില്ലര്‍ ഷോര്‍ട്ട് മൂവി 'ജ്വാല' ജനശ്രദ്ധ നേടി. വുഡ്പെക്കര്‍ മീഡിയയുടെ ബാനറില്‍ വിഷ്ണുരാഗ് തിരക്കഥയെഴുതി അമര്‍ദീപാണ് 'ജ്വാല' സംവിധാനം ചെയ്തിരിക്കുന്നത്. 'ജ്വാല' ക്രിസ്മസ് ദിനത്തില്‍ യൂട്യൂബിലൂടെയാണ് റീലീസ് ചെയ്തത്.
മലയാളത്തിന്റെ ആക്ഷന്‍ ഹീറോ ബാബു ആന്റണി, യുവ താരം മഖ്ബൂല്‍ സല്മാന്, നടന് ഇബ്രാഹിം കുട്ടി, സംവിധായകന് അജയ് വാസുദേവ്, നടന് രാജേഷ് ശര്‍മ്മ, കലാസംവിധായകന്‍ ജ്യോതിഷ് ശങ്കര്‍, ചലച്ചിത്ര സംവിധായകന് സേതു ഇയ്യാല്‍, സംവിധായകന് അരുണ്‍രാജ് പൂത്തണല്‍, മാധ്യമ പ്രവര്ത്തകന് ജോയി നായര്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്, സംഗീത സംവിധായകന് രാഹുല്‍ രാജ്, യു.ആര്.എഫ് ഏഷ്യന്‍ ജൂറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോക്ടര്‍ ജോണ്സണ് വി ഇടിക്കുള തുടങ്ങിയ പ്രമുഖര്‍ ചേര്‍ന്നാണ് ക്രിസ്മസ് ദിനത്തില്‍ 'ജ്വാല' റീലീസ് ചെയ്തത്.
നോവുകള്‍ എല്ലാവര്ക്കും ഒരുപോലെയാണ്, പക്ഷേ നീതി കിട്ടി എന്ന് പറയുമ്പോഴും നിയമ വ്യവസ്ഥയെ നോക്കി പല്ലിളിക്കുന്ന ചില സംഭവങ്ങള്‍ നമ്മള് കാണാറുണ്ട്. നമ്മുടെ ജീവിതത്തില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണോ നമ്മള് ഉണരേണ്ടത് എന്നത് ഈ ചിത്രം ഉയര്‍ത്തുന്ന വലിയ ചോദ്യമാണ്.
ഹൃദയം നുറുങ്ങുന്ന വേദനയില്‍ നീതി തേടുന്ന ഒരച്ഛന്റെ ഹൃദയ സ്പര്‍ശിയായ കഥയാണ് 'ജ്വാല'. പണവും സ്വാധീനവും കീഴടക്കാത്ത നീതി.
'നിനക്ക് നീതിയില്ലെങ്കില്‍ നീ തീയാവുക...', 'മുറിവേല്പിച്ച മഴു ഒരുപക്ഷെ മറന്നു പോയാലും മരം ആ നോവ് മറക്കില്ല' എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്.
ഏഴ് മിനിട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഹ്രസ്വ ചിത്രങ്ങളിലൂടെയും മലയാള ചലച്ചിത്രങ്ങളിലെ ചെറു വേഷങ്ങളിലൂടെയും ശ്രദ്ധേയനായ യുവ നടന് സല്മാന് ഫാര്‍സി, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഷാജി ഭജനമഠം, പുതുമുഖ നടി മീനാക്ഷി, ബാലതാരം ആദിത്യ ജയന്, കഥാകൃത്ത് വിഷ്ണുരാഗ്, പ്രശസ്ത ഫോട്ടോഗ്രാഫര്‍ സൈഗാള്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ക്യാമറ- വിജിത് ലാല്‍, എഡിറ്റിങ്ങ് & ആന്‍ഡ് കളറിങ്ങ്- ശ്രീജിത്ത് ആര്.എസ്, സ്റ്റില്‍സ്- പ്രവീണ്‍ പ്രസന്നന്, സൗണ്ട് ഡിസൈന്‍- വൈശാഖ് മുരളി, ഓഡിയോഗ്രാഫി- രാഹുല്‍, ആര്‍ട്ട്- സൈഗാള്‍, ഡിസൈന്‍- പ്ലാനറ്റ് ഓഫ് ആര്‍ട്ട്, ക്രിയേറ്റിവ് ഹെഡ്- ഷാന്‍ കടക്കാവൂര്‍.