അഞ്ജു അഷറഫ്-
കൊച്ചി:
വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മിഷന് സി എന്ന സിനിമയില്‍ കമാന്റോ ഓഫിസറുടെ വേഷമാണ് കൈലാഷിന്. ചിത്രീകരണത്തിന്റെ വളരെ നിര്‍ണ്ണായകമായൊരു ഘട്ടത്തില്‍ റോഡിലൂടെ പാഞ്ഞു പോകുന്ന ഒരു ബസ്സിന്റെ മുകളിലേക്ക് ഓടി കൊണ്ട് ഇരിക്കുന്ന മറ്റൊരു വാഹനത്തില്‍ നിന്ന് ചാടിക്കയറി കമന്റോ ഓപ്പറേഷന് നടത്തുന്ന രംഗങ്ങള്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ആ സീനില്‍ അഭിനയിക്കുന്ന പ്രധാന നടന് കൈലാഷാണ്. ബസിനു മുകളില്‍ ക്യാമറ സെറ്റ് ചെയ്തു. സേഫ്റ്റി ഉപകരണങ്ങള്‍ ഇല്ലാത്തത് കൊണ്ട് വളരെ ശ്രദ്ധിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്തിരിക്കുന്നത്. കമാന്റോ വാഹനത്തില്‍ നിന്ന് ബസിലേക്ക് ചാടുന്നതിന്റെ ആക്ഷന്‍ കാണിച്ചാല്‍ മതിയെന്നും ബസിന്റെ മുകളിലേക്കു ചാടുന്ന രംഗം CG ചെയ്യാമെന്നും സംവിധായകന് കൈലാഷിനോട് നിര്‍ദേശിച്ചിരുന്നു. അല്ലെങ്കില്‍ ബസിലേക്ക് ചാടുന്നത് ഡ്യൂപ്പിനെ വെച്ചു ചെയ്യണം. ചാടുന്ന ആക്ഷന്‍ ഇട്ടോളാമെന്നു പറഞ്ഞു കൈലാഷ് കമന്റോയുടെ വണ്ടിയില്‍ കയറി. ക്യാമറ ഓണ്‍ ആയി. ബസിനോടൊപ്പം ഓടികൊണ്ടിരുന്ന വാഹനത്തിന്റെ മുകളില്‍ ഒരു പ്രത്യേക ബാലന്സോഡ് കൂടി നില്ക്കുന്ന കൈലാഷിനെ കാണാം. സംവിധായകന് ആക്ഷന്‍ പറഞ്ഞതും ചെറിയ അകലത്തില്‍ ഓടികൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് പെട്ടെന്ന് കൈലാഷ് ബസിലേക്ക് എടുത്ത് ചാടി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ യൂണിറ്റ് ഒന്നടങ്കം മരവിച്ചു നിന്നു പോയ നിമിഷം. ആടിയുലഞ്ഞ് ഓടികൊണ്ടിരുന്ന ബസിന്റെ മുകളില്‍ അല്പം പണിപ്പെട്ടാണെങ്കിലും കൈലാഷിനു ബാലന്‍സോടെ നില്ക്കാന് കഴിഞ്ഞത് കൊണ്ട് വലിയൊരു അപകടം ഒഴിവായി. ഒരു സേഫ്റ്റി ഉപകരണവും ഇല്ലാതെ പെര്ഫെക്ഷന് വേണ്ടി കൈലാഷ് ഇത്രയും റിസ്ക് എടുക്കുമെന്ന് കരുതിയില്ലെന്ന് സംവിധായകന് വിനോദ് ഗുരുവായൂര്‍ പറയുന്നു.