അഞ്ജു അഷറഫ്-
കൊച്ചി:
പോളി ജൂനിയര്‍ പിച്ചേഴ്സിന്റെ ബാനറില്‍ നിവിന്‍പോളി നിര്‍മ്മിക്കുന്ന 'കനകം കാമിനി കലഹം' എന്ന സിനിമയുടെ പൂജ എറണാകുളം ഹോട്ടല്‍ അബാദ് പ്ലാസയില്‍ നടന്നു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പൂജാ വിളക്കിലെ തിരി തെളിച്ചത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. ചിരിയും ചിന്തയും സമ്മാനിച്ച 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്' എന്ന ചിത്രമൊരുക്കി പ്രേക്ഷകശ്രദ്ധ നേടിയ രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്യുന്ന സിനിമയില്‍ നിവിന്‍ പോളി നായകകഥാപാത്രത്തെ അവതരിപ്പിക്കും. വിനയ് ഫോര്‍ട്ട്, ഗ്രേസ് ആന്റണി, ജോയ് മാത്യു, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. സിനിമയുടെ ചായാഗ്രഹണം വിനോദ് ഇല്ലംപ്പിള്ളി നിര്‍വ്വഹിക്കുന്നു.
എംജി റോഡിലെ അബാദ് പ്ലാസക്കടുത്തു ഒരുക്കിയ വിപുലമായ സെറ്റിലാണ് ഷൂട്ടിങ്. സിനിമയിലെ പ്രധാന ലൊക്കേഷനാണിത്. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഷൂട്ടിംഗ് നടക്കുക. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും കോവിഡ് ടെസ്റ്റ് നടത്തി ഷൂട്ടിങ് സെറ്റില്‍ സജ്ജമായിക്കഴിഞ്ഞു. നാളെയാണ് ഷൂട്ടിംഗ് ആരംഭിക്കുക.