അഞ്ജു അഷറഫ്-
കൊച്ചി:
സൂപ്പര്‍ ഹിറ്റ് വിജയം നേടിയ 'ഉയരെ'ക്ക് ശേഷം മനു അശോക് സംവിധാനം ചെയ്യുന്ന ചിത്രം 'കാണെക്കാണേ' പൂര്‍ത്തിയായി. 'ഉയരെ'യുടെ തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും തന്നെയാണ് ഈ സിനിമയ്ക്കും തിരക്കഥയെഴുതിയിരിക്കുന്നത്. വിജയ കൂട്ടുകെട്ടായ മനു അശോക് ബോബിസഞ്ജയ് ടീമിന്റെ ഈ പുതിയ സിനിമയില്‍ ടോവിനോ തോമസും ഐശ്വര്യലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഷിക് അബുവിന്റെ 'മായാനദി'യില്‍ ആണ് ഇവര്‍ ഇതിനുമുമ്പ് ജോഡി ചേര്‍ന്ന് അഭിനയിച്ചത്. സുരാജ് വെഞ്ഞാറമൂട്, പ്രേംപ്രകാശ്, ശ്രുതി രാമചന്ദ്രന്, റോണി എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഡ്രീം കാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 'കാണെക്കാണേ'യുടെ ഛായാഗ്രഹണം ആല്‍ബി ആന്റണി നിര്‍വഹിക്കുന്നു. സംഗീതം- രഞ്ജിന് രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സബീര്‍ മലവെട്ടത്ത്.