മനോജ് പി.ടി.-
പയ്യന്നൂര്‍ :
കേരള സര്‍ക്കാറിന്റെ കീഴിലുള്ള വിമുക്തി മിഷന്റെ സഹകരണത്തോടെ മാധ്യമ പ്രവര്‍ത്തകനും മാടായി റൂറല്‍ ബേങ്ക് ജീവനക്കാരനുമായ സതീശന് കടന്നപ്പള്ളി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹ്രസ്വ ചലച്ചിത്രം 'കറ' പ്രദര്‍ശനത്തിനൊരുങ്ങി.
ലഹരിയുടെ അമിത ഉപയോഗത്താല്‍ കുടുംബ ജീവിതത്തിലുണ്ടാകുന്ന താളപ്പിഴകളാണ് അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം പ്രമേയമാക്കുന്നത്. സമൂഹത്തില്‍ സുരക്ഷിത സ്ഥാനത്ത് ജീവിക്കുകയും എന്നാല്‍ വ്യക്തി ജീവിതം അച്ചടക്ക രഹിതമാകുകയും ചെയ്യുന്ന ചെറുപ്പക്കാരന് ഒടുവില്‍ 'വിമുക്തി'യില്‍ എത്തിച്ചേരുന്നു.
ഒതുക്കത്തോടെ പറഞ്ഞിട്ടുള്ള ചിത്രത്തിന്റെ ക്യാമറ ഗിജില്‍ പയ്യന്നൂരാണ് നിര്‍വ്വഹിച്ചിരിക്കുന്നത് ഉദയന്‍ കൊടക്കാരനും ഷിജു പീറ്ററും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. സമൂഹത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ശബ്ദ സാന്നിധ്യം കൊണ്ട് മുന്‍ മന്ത്രി പി കെ ശ്രീമതി ടീച്ചറും കഥാപാത്രമാകുന്നുണ്ട്.
Rishirud Films ന്റെ ബാനറിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളിയിലും പയ്യന്നൂരും കുറ്റൂരുമാണ് സിനിമ ചിത്രീകരിച്ചത്.
ജനുവരി 31 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് പഴയങ്ങാടി മാടായി ബേങ്ക് ഓഡിറ്റോറിയത്തില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവും റിലീസിംഗും നിര്‍വ്വഹിക്കും. ചിത്രം വിമുക്തി മിഷന് കേരളത്തിലെ കേമ്പസ്സുകളിലും സ്കൂളുകളിലും പ്രദര്‍ശിപ്പിക്കും.
ചടങ്ങില്‍ മുന്‍ മന്ത്രി പി കെ ശ്രീമതി ടീച്ചര്‍, ടി വി രാജേഷ് MLA, ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണര്‍ പി കെ സുരേഷ്, വിമുക്തിമിഷന്‍ ജില്ലാ മാനേജര്‍ ബി ചന്ദ്രന് തുടങ്ങി ചലച്ചിത്രസാംസ്കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.