CNA
കോട്ടയം:
നടന് കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 4.15ഓടെ ആയിരുന്നു അന്ത്യം. 61 വയസ്സായിരുന്നു.
ആരോഗ്യപ്രശ്നം ഉണ്ടായതിനെ തുടര്‍ന്ന് സുഹൃത്തിനെ വിളിച്ച് പറയുകയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയായ പ്രദീപ് സ്കൂളില്‍ പഠിക്കുന്ന സമയത്ത് യുവജനോത്സവത്തിലും സ്കൂള്‍ വാര്‍ഷിക പരിപാടികളിലും സജീവമായിരുന്നു.
പാട്ട്, ഡാന്‍സ്, എകാങ്ക നാടകം തുടങ്ങിയവയിലായിരുന്നു പ്രധാനമായും പങ്കെടുത്തിരുന്നത്.
കോട്ടയം തിരുവാതുക്കല്‍ രാധാകൃഷ്ണ തീയേറ്ററിന് സമീപം താമസിച്ചിരുന്ന അദ്ദേഹം പത്താം വയസ്സില്‍ എന്‍ എന്‍ പിള്ളയുടെ 'ഈശ്വരന് അറസ്റ്റില്‍' എന്ന നാടകത്തിലാണ് ആദ്യമായി ബാലതാരമായി അഭിനയിച്ചു. പിന്നീട് നാല്പത് വര്‍ഷക്കാലം നാടകരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു.
കാരാപ്പുഴ സര്‍ക്കാര്‍ സ്കൂളിലും ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 1989 ല്‍ എല്‍.ഐ.സി ഉദ്യോഗസ്ഥനായി.
നാടകങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ അവിചാരിതമായി 'അവസ്ഥാന്തരങ്ങള്‍' എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയത്. അപ്പോഴാണ് മകന് പകരം സീനിയര്‍ ആയ ഒരു റോളില്‍ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനില്‍ ആദ്യ അവസരം ലഭിക്കുന്നത്. നിര്‍മാതാവും നടനുമായ പ്രേം പ്രകാശാണ് പ്രദീപിന് അവസരം നല്‍കിയത്. തുടര്‍ന്ന് ചെറിയ വേഷങ്ങളില്‍ പ്രദീപ് മുഖം കാണിച്ചു.
പിന്നീട് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച പ്രദീപ് 2001 ല്‍ ഐവി ശശി സംവിധാനം ചെയ്ത 'ഈ നാട് ഇന്നലെ വരെ' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നെതെങ്കിലും ശ്രദ്ധേിക്കപ്പെടാന്‍ പ്രദീപിനു വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.
2010 ല്‍ പുറത്തിറങ്ങിയ 'വിണ്ണൈ താണ്ടി വരുവായ' എന്ന ഗൗതം മേനോന് ചിത്രമാണ് പ്രദീപിന്റെ കരിയറില്‍ നിര്‍ണായകമായത്. ഈ ചിത്രത്തില്‍ തൃഷയുടെ അമ്മാവനായി എത്തിയ പ്രദീപ്, ഊണ് സമയത്ത് മേശയ്ക്കടുത്തിരുന്ന് 'കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടന്‍ ഉണ്ട്... കഴിച്ചോ കഴിച്ചോ' എന്നു പറയുന്നത് ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 'വിണ്ണൈ താണ്ടി വരുവായ' തെലുങ്കിലേക്കും ഹിന്ദിയിലേക്കും മാറിയപ്പോഴും നായികാനായകന്മാര് മാറി മാറി വന്നു. പക്ഷേ എല്ലായിടത്തും അതേ അമ്മാവന് തന്നെ. 'മരുമക്കള്‍ മാറിയാലും, അമ്മാവന് മാറണ്ട' എന്ന ഗൗതം മേനോ പറയുകയും പ്രദീപ് അന്യഭാഷകളിലും ജനകീയനാകുകയും ചെയ്തു. പിന്നീട് 'തട്ടത്തിന് മറയത്ത്', 'ആട്', 'വടക്കന്‍ സെല്‍ഫി', 'കട്ടപ്പനയിലെ ഋത്വിക് റോഷന്', 'തോപ്പില്‍ ജോപ്പന്', 'കുഞ്ഞിരാമായണം' തുടങ്ങി നൂറിലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.
മോഹന്‍ലാല്‍ ചിത്രം 'ആറാട്ട്' ആണ് പ്രദീപ് ഒടുവില്‍ അഭിനയിച്ച ചിത്രം.
ഭാര്യ: മായ, മക്കള്‍: വിഷ്ണു, വൃന്ദ.