എംഎം കമ്മത്ത്-
കൊച്ചി: :
ദുല്‍ഖര്‍ സല്മാന് നായകനാകുന്ന 'കുറുപ്പ്' എന്ന സിനിമലെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോയുടെ സംവിധായകന് ശ്രീനാഥ് രാജേന്ദ്രന് ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.
'എന്തായാലും ഒരു കാര്യം ഒറപ്പാ, എന്നെ ആര് കാണണെന്ന് ഞാന്‍ തീരുമാനിക്കും. അത് കാക്കിയാണെങ്കിലും ശരി, ഖദര്‍ ആണെങ്കിലും ശരി' എന്നുള്ള ഡയലോഗാണ് പുതിയ സ്നീക് പീക് വീഡിയോയിലേത്. ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനത്തിലാണ് വീഡിയോ പുറത്തുവിട്ടത്.
കേരളാ പോലീസിന്റെ പട്ടികയില്‍ പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ ദൂരൂഹ ജീവിതവും കുറ്റകൃത്യവും ത്രില്ലര്‍ സ്വഭാവത്തില്‍ അവതരിപ്പിക്കുന്ന സിനിമയാണ് കുറുപ്പ്. സുകുമാര കുറുപ്പിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. വേഫെയറര്‍ ഫിലിംസിന്റെയും എം സ്റ്റാര്‍ ഫിലിംസിന്റെയും ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന് പുറമെ ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന് ശ്യാം ആണ്. ദേശീയ പുരസ്കാര ജേതാവ് വിനേഷ് ബംഗ്ലാനാണ് കലാസംവിധാനം.
പാലക്കാട്, ഹൈദരാബാദ്, ഗുജറാത്ത്, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. 2017ല്‍ പ്രഖ്യാപിച്ച സിനിമ അഞ്ച് വര്‍ഷത്തെ ഗവേഷണത്തിനും തയ്യാറെടുപ്പിനും ശേഷമാണ് ഫെബ്രുവരി 23ന് പൂര്‍ത്തിയാകുന്നത്. മമ്മൂട്ടിയുടെ വിതരണ കമ്പനിയായ പ്ലേ ഹൗസ് ആണ് സിനിമ റിലീസ് ചെയ്യുക.
സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ഫിലിം റപ്രസന്റേറ്റീവ് ചാക്കോയുടെ റോളില്‍ അതിഥി താരമായി ടൊവിനോ തോമസും കുറുപ്പിനെ തേടുന്ന പോലീസ് ഓഫീസറായി ഇന്ദ്രജിത്തുമാണ് എത്തുക. ശ്രീനാഥ് രാജേന്ദ്രന് തന്നെ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയുടെ രചയിതാവ് വിനി വിശ്വലാല്‍ ആണ് ക്രിയേറ്റീവ് ഡയറക്ടര്‍. വിവേക് ഹര്ഷന് ആണ് എഡിറ്റിംഗ്. കോസ്റ്റ്യൂംസ് പ്രവീണ്‍ വര്‍മ്മ. വിഗ്നേഷ് കൃഷ്ണനും, രജീഷുമാണ് സൗണ്ട് ഡിസൈന്‍. ദുല്‍ഖര്‍ സല്‍മാന്റെ പുറത്തുവരാനിരിക്കുന്ന സിനിമകളില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന പ്രൊജക്ടാണ് 'കുറുപ്പ്'.