വാഴൂര്‍ ജോസ്-
കൊച്ചി:
പ്രശസ്ത സംവിധായകന് ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഡിസംബര്‍ പതിനാലിന് ഗള്‍ഫിലെ റാസല്‍ ഖൈമയില്‍ ആരംഭിക്കും.
തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലായാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ബ്ലസ്സി സംവിധാനം ചെയ്ത ശ്രദ്ധേയമായ 'കളിമണ്ണ്' എന്ന ചിത്രം നിര്‍മ്മിച്ചത് തോമസ് തിരുവല്ലയാണ്. പിന്നീട് പുതിയ തലമുറക്കാരെ അണിനിരത്തി 'ഓട്ടം' എന്ന ചിത്രവും തോമസ് തിരുവല്ല, നിര്‍മ്മിച്ചിട്ടുണ്ട്.
പൂര്‍ണമായും ഗള്‍ഫിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതു് ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ്.
ലാല്‍ജോസും, ഇക്ബാല്‍ കുറ്റിപ്പുറവും ഒത്ത ചേരുന്ന നാലാമത്തെ ചിത്രമാണിത്. 'അറബിക്കഥ', 'ഡയമണ്ട് നെകലെയ്സ്', 'വിക്രമാദിത്യന്', ഇപ്പോള്‍ ഈ ചിത്രവും
ഇതില്‍ 'വിക്രമാദിത്യന്' ഒഴികെ 'അറബിക്കഥ', 'ഡയമണ്ട് നെകലെയ്സ്' എന്നീ ചിത്രങ്ങള്‍ പ്രധാനമായും ദുബായ് പശ്ചാത്തലമാക്കിയുള്ളതായിരുന്നു എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.
ഈ ചിത്രവും പൂര്‍ണമായും ഗള്‍ഫിലാണ് ചിത്രീകരിക്കുന്നത്. ഗള്‍ഫിലെത്തുന്ന ചിത്രങ്ങള്‍ ഏറെയും ദുബായ് കേന്ദ്രമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്.
റാസല്‍ ഖൈമ കേന്ദ്രമാക്കി ഒരു ചിത്രത്തിന്റെ ചിത്രീകരണം ഇതാദ്യമാണ്. സൗബിന്ഷാഹിറാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നഗരത്തിന്റെ പകിട്ടില്‍ നിന്നും മാറി. ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ കുട്ടംബത്തിന്റെ കഥയാണ് ലാല്‍ജോസും ഡോ. ഇക്ബാല്‍ കുറ്റിപ്പുറവും ചേര്‍ന്ന് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഭാര്യയുമായി അകന്ന് കുട്ടികളേയും ഒപ്പം കച്ചവടവും ഒക്കെ ഒറ്റക്ക് നോക്കേണ്ടി വരുമ്പോഴുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം.
തികച്ചും റിയലിസ്റ്റിക്കായും, നര്‍മ്മത്തിലൂടെയും കുട്ടംബ ബന്ധത്തിന്റെ കഥ പറയുകയാണ് ഈ ചിത്രം.
മംമ്താ മോഹന്‍ദാസാണ് നായിക. സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മൂന്നു കുട്ടികളും ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു.
സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന് വര്‍ഗീസ് ('തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' ഫെയിം) ഈണം പകര്‍ന്നിരിക്കുന്നു.
അജ്മല്‍ സാബുവാണ് ഛായാഗ്രാഹകന്‍. കലാസംവിധാനം- അജയ് മങ്ങാട്. മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യും ഡിസൈന്‍- സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- രഘുരാമവര്‍മ്മ, നിശ്ചലഛായാഗ്രഹണം- ജയപ്രകാശ് പയ്യന്നൂര്‍, ലൈന്‍ പ്രൊഡ്യൂസര്‍- വിനോദ് ഷൊര്‍ണൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- രഞ്ജിത്ത് കരുണാകരന്, എല്‍.ജെ. ഫിലിംസ് റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. പി ആര് ഒ- വാഴൂര്‍ ജോസ്.