സികെ അജയ് കുമാര്‍-
മുംബൈ:
രാഘവ ലോറന്‍സ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്ത് വന്‍വിജയം നേടിയ തമിഴ് 'കാഞ്ചന' യുടെ ഹിന്ദി റീമേക്ക് 'ലക്ഷ്മി ബോംബി'ന്റെ ആദ്യ ഗാന വീഡിയോ പുറത്തിറങ്ങി. അക്ഷയ്കുമാര്‍ നായകനാകുന്ന സിനിമ ലോറന്‍സ് തന്നെയാണ് ഹിന്ദിയിലും സംവിധാനം ചെയ്തിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ചിത്രം ദീപാവലി വെടിക്കെട്ടായി നവംബര്‍ ഒന്‍പതിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. ഓ ടി ടി റിലീസിനോടൊപ്പം തന്നെ ന്യൂസിലാന്റ്, ഓസ്ട്രേലിയാ, യുഎഇ എന്നിവിടങ്ങളില്‍ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യും.
നര്‍മ്മവും ഭയവും പ്രതികാരവും കോര്‍ത്തിണക്കി പുറത്തു വിട്ട 'ലക്ഷ്മി ബോംബി'ന്റെ ട്രെയ്ലര് യു ട്യൂബില്‍ ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങി വൈറലായതിനു പിന്നാലെ അണിയറക്കാര്‍ പുറത്തു വിട്ട, 'ബുര്‍ജ് ഖലീഫ' എന്ന ആദ്യ ഗാന വീഡിയോയും വൈറലായി മുന്നേറുകയാണ്. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ലക്ഷോപലക്ഷം കാഴ്ചക്കാരെ ആകര്‍ഷിച്ചു കഴിഞ്ഞു. അക്ഷയ്കുമാറും കിയാര അദ്വാനിയും തകര്‍ത്താടിയാണ് ഗ്ലാമറസായ ഈ ഗാനരംഗത്തില്‍ നൃത്ത ചുവടുകള്‍ വെച്ചിട്ടുള്ളത്. വിവിധ വിദേശ രാജ്യങ്ങളില്‍ അവിടുത്തെ നയന മനോഹാരിതയുടെ പശ്ചാത്തലത്തിലാണ് ഈ ഗാനം ചിത്രീകരിച്ചിട്ടുള്ളത് എന്നതാണ് സവിശേഷത. ഈ ഗാനം 2020 ലെ ബ്ലോക് ബസ്റ്റര്‍ ഗാനമായിരിക്കും എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന ഹൊറര്‍ ത്രില്ലറായ ലക്ഷ്മിബോംബിലെ മറ്റു അഭിനേതാക്കള്‍ തുഷാര്‍ കപൂര്‍, മുസ്ഖാന് ഖുബ്ചന്ദാനി, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ എന്നിവരാണ്. അക്ഷയ്കുമാറിന്റെ ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത അവതാര കഥാപാത്രമായിരിക്കും 'ലക്ഷ്മി ബോംബി'ലേതെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്. അത് കൊണ്ടു തന്നെ ആരാധകര്‍ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കയാണ്. അക്ഷയ്കുമാറിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്‍ഷം ബ്ലോക്ക് ബസ്റ്റര്‍ വര്‍ഷമായിരുന്നു. 'ലക്ഷ്മി ബോംബ്' അതിന്റെ തുടര്‍ച്ചയാവുമെന്ന ആത്മ വിശ്വാസമാണ് അണിയറ പ്രവര്‍ത്തകര്‍ക്ക്. അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.