അഞ്ജു അഷറഫ്-
കൊച്ചി:
തിരക്കഥാകൃത്തും സംവിധായകനുമായ അജിത് സി. ലോകേഷ് ഒരുക്കിയ അതിമനോഹരമായ ക്രൈം ത്രില്ലര്‍ സീരിസാണ് 'ലിലിത്ത്'.
ദേശീയതലത്തില്‍തന്നെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഏതൊരു വെബ് സീരിസിനോടും കിടപിടിക്കുന്ന തരത്തില്‍ ചെറിയ ബഡ്ജറ്റില്‍ വലിയ രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള 'ലിലിത്ത്' പ്രമേയത്തിലും അവതരണത്തിലും വളരെ മുന്നിലാണ്. അഞ്ച് എപ്പിസോഡായിട്ടാണ് ഈ കൊച്ചു സിനിമ നിര്‍മ്മിച്ചിട്ടുള്ളത്.
'മണിരത്നം' എന്ന സിനിമയുടെ തിരക്കഥാകൃത്തും 'ചാര്‍മിനാര്‍' എന്ന സിനിമയുടെ സംവിധായകനുമാണ് അജിത്ത് സി. ലോകേഷ്.
ലോക് ഡൗണ്‍ കാലത്ത് ചെറിയ ബഡ്ജറ്റില്‍ ചെറിയ സിനിമ എങ്ങനെ ചെയ്യാമെന്ന ആലോചനയാണ് 'ലിലിത്ത്' എന്ന വെബ്സീരിസില് എത്തിച്ചതെന്ന് സംവിധായകന് പറഞ്ഞു. അതിന് ആദ്യം വേണ്ടത് നല്ലൊരു തിരക്കഥയാണ്. അത് റെഡിയായി കഴിഞ്ഞപ്പോള്‍ മറ്റു കാര്യങ്ങളെല്ലാം എളുപ്പമായി. തിരക്കഥ, എഡിറ്റിംഗ്, സംവിധാനം എല്ലാം ഞാന്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. നായികാ കേന്ദ്രീകൃതമായ ഒരുകൊച്ചു സിനിമയാണിത്.
ഫോറന്‍സിക് സര്‍ജനായ ലില്ലി തോമസിന്റെ കഥയാണ് സിനിമയില്‍ പറയുന്നത്. എപ്പഴോ പുറത്തു പോയ അവര്‍ ഒരു ടാക്സി കാറില്‍ വീട്ടിലേക്ക് വരുന്നു. ടാക്സിക്കാരന് പൈസ വാങ്ങി തിരിച്ചു പോയി. പക്ഷെ അയാള്‍ ഒരു കാര്യം മറന്നുപോയി. അതുമായി ബന്ധപ്പെട്ട് ഫോറന്‍സിക് ഓഫീസറുടെ വീട്ടിലേക്ക് തിരിച്ചു വരികയും അവര്‍ ചെയ്ത ഒരു കൊലപാതകം കാണാനിടയാവുകയും ചെയ്തു. കൊല ചെയ്യപ്പെട്ടയാളുടെ ബോഡി മറവ് ചെയ്യാന്‍ ടാക്സി ഡ്രൈവറുടെ സഹായം ഫോറന്‍സിക് ഓഫീസര്‍ ആവശ്യപ്പെടുന്നു. ആദ്യം വിസമ്മതിച്ച അയാള്‍ പിന്നീട് അവരോടൊപ്പം നില്ക്കാന് തയ്യാറാവുന്നു. രണ്ടുപേരും ചേര്‍ന്ന് ബോഡി നശിപ്പിക്കാന്‍ ശ്രമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ലിലിത്തിന്റെ പ്രമേയം.
അനോണ് ട്രെന്‍ഡ്സിന്റെ ബാനറില്‍ ടി.ബി. വിനോദ് ആണ് 'ലിലിത്ത്' നിമ്മിച്ചിരിക്കുന്നത്.
പുതുമുഖങ്ങളെ വച്ച് ചെറിയ രീതിയില്‍ വെബ്സീരീസ് ചെയ്യാന്‍ പറ്റും. പക്ഷെ പലരും ഇവിടെ പ്രൊജക്റ്റ് പ്ലാന്‍ ചെയ്യുന്നതും നിര്‍മ്മാതാവിനെ കൊണ്ട് ഇന്‍വെസ്റ്റ് ചെയ്യിക്കുന്നതും ആമസോണ്‍ എടുക്കും നെറ്റ്ഫ്ളിക്സ് എടുക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ്. അങ്ങനെയൊന്നും അവര്‍ എടുക്കില്ല. യഥാര്‍ത്ഥത്തില്‍ ഞാന്‍ മനസ്സിലാക്കിയത്, എന്റെ ചെറിയ അറിവില്‍ ബോധ്യപ്പെട്ടകാര്യം അവര്‍ക്കുവേണ്ട കണ്ണ്ടന്റുകള് കേരളത്തില്‍ ഉണ്ടാവുന്നില്ല. റീജിയണലായിട്ടുള്ള കണ്ണ്ടെന്റുകളല്ല അവര്‍ ചൂസ് ചെയ്യുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി ഫോറിനേഴ്സ് വരെ കാണുന്ന യൂണിവേഴ്സല്‍ സബ്ജക്ടുകളാണ് ഓണ്‍ലൈന്‍ മേഖലയിലൂടെ അവര്‍ വില്ക്കാന് ശ്രമിക്കുന്നത്. ക്രൈം, ഹൊറര്‍ അതൊക്കെ യൂണിവേഴ്സല്‍ കണ്ണ്ടന്റുകളാണ്. നമ്മുടെ ഹ്യൂമര്‍ അവര്‍ക്ക് ദഹിക്കണമെന്നില്ല.
കേരളത്തില്‍ ധാരാളം ഒ ടി ടി പ്ലാറ്റ്ഫോമുകള് വന്നിട്ടുണ്ട്. വന്നവരൊക്കെ വലിയ സിനിമകളുടെ പിന്നാലെയാണ്. ഒന്നു രണ്ടു സിനിമ എടുക്കുമ്പോള്‍ തന്നെ അവരുടെ ക്യാപിറ്റല്‍ അമൗണ്ട് തീര്‍ന്നു.
കഴിഞ്ഞ ദിവസം ഞാന്‍ ഒരു ഒ ടി ടി മീറ്റിങ്ങിന് പോയപ്പോള്‍ കേട്ടത് 45ഓളം ഒ ടി ടി പ്ലാറ്റ്ഫോമുകളാണ് കേരളത്തില്‍ വരാന്‍ പോകുന്നത്. ഒ ടി ടി വില്പനയുടെ പേരുപറഞ്ഞ് എടുത്ത ഒരുപാട് പ്രോജക്ടുകള്‍ വില്‍പനയാകാതെ ഇരിപ്പുണ്ട്. ഇവിടെ സംഭവിക്കുന്നത് ബഡ്ജറ്റിന്റെ പ്രശ്നമാണ്. നമ്മള് ഉദ്ദേശിക്കുന്ന നമ്മള് ആവശ്യപ്പെടുന്ന തുക അവര്‍ തരില്ല. അവര്‍ പറയുന്ന ചെറിയ ബഡ്ജറ്റും കണ്ടീഷനും അനുസരിക്കാന്‍ തയ്യാറുണ്ടെങ്കില്‍ മാത്രമേ വില്‍പ്പന സാധ്യമാകുവെന്ന് സംവിധായകന് അജിത്ത് സി. ലോകേഷ് പറയുന്നു.