സി എന്‍ എ-
ഹൈദരാബാദ്:
സമീപകാലത്ത് മലയാളത്തില്‍ ഏറ്റവും വലിയ വിജയം നേടി 200 കോടി ക്ലബ്ബില്‍ എത്തിയ ചിത്രമാണ് 'ലൂസിഫര്‍'. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് വിജയം നേടിയ സിനിമയുടെ ഇതരഭാഷാ റൈറ്റ്സുകള് വലിയ വിലക്ക് തന്നെ വില്‍ക്കുകയും ചെയ്തു. 'ലൂസിഫര്‍' തെലുങ്കില്‍ നിര്‍മ്മിക്കുന്നതു സൂപ്പര്‍താരം ചിരഞ്ജീവിയാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നായക കഥാപാത്രത്തെ തെലുങ്കില്‍ സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ ചിരഞ്ജീവിയാണ് അവതരിപ്പിക്കുന്നത്. ലൂസിഫറില്‍ പൃഥ്വിരാജ് ചെയ്ത വേഷം തെലുങ്കില്‍ രാംചരണ്‍ ആവും അവതരിപ്പിക്കുക. മലയാളത്തില്‍ ചെയ്ത അതേ വേഷം തെലുങ്കില്‍ അവതരിപ്പിക്കാന്‍ പൃഥ്വിരാജിനെ ചിരഞ്ജീവി ക്ഷണിച്ചെങ്കിലും സ്നേഹപൂര്‍വ്വം അതില്‍നിന്ന് പിന്മാറുകയായിരുന്നു പൃഥ്വിരാജ്. തെലുങ്കില്‍ റാംചരണ് ആ വേഷം ചെയ്താല്‍ നന്നാകുമെന്ന് പൃഥ്വിരാജ് തന്നെയാണ് ചിരഞ്ജീവിയോട് പറഞ്ഞത്. സിനിമ ആര് സംവിധാനം ചെയ്യണമെന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് വ്യക്തത വന്നത്. പല സംവിധായകരുടെ യും പേരുകള്‍ ഉയര്‍ന്നു കേട്ടെങ്കിലും നറുക്കു വീണത് മോഹന്‍ രാജക്കാണ്. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി അസാമാന്യമായ കൈ ഒതുക്കത്തോടെ പൃഥ്വിരാജ് സംവിധാനംചെയ്തു അവതരിപ്പിച്ച ലൂസിഫറിന്റെ രണ്ടാംഭാഗം എമ്പുരാന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് ചിരഞ്ജീവിയുടെ ലൂസിഫര്‍ ചിത്രീകരണം തുടങ്ങുന്നത്. തമിഴിലും തെലുങ്കിലും സൂപ്പര്‍ഹിറ്റുകളൊരുക്കിയ സംവിധായകന് മോഹന്‍രാജ (ജയം രാജ)യാണ് ചിരഞ്ജീവി ചിത്രത്തിന് പിന്നിലെ പ്രധാനി.
ആചാര്യ എന്ന സിനിമയുടെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ചിരഞ്ജീവി 'ലൂസിഫര്‍' റീ മേക്കില്‍ ജോയിന്‍ ചെയ്യുക. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തെ സുഹാസിനിയും വിവേക് ഒബ്റോയിയുടെ റോളില്‍ റഹ്മാനും എത്തുമെന്ന് സൂചനയുണ്ട്.