സി എന്‍ എ-
തിരു:
പ്രശസ്ത ഗായകന് എം.എസ്. നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് 16 വര്‍ഷമായി ചികില്‍സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഗായകന്, കോ ഓര്‍ഡിനേറ്റര്‍, പ്രോഗ്രാം കണ്ടക്ടര്‍ എന്നിങ്ങനെ എല്ലാ തരത്തിലും കഴിവ് തെളിയിച്ച കലാകാരനാരിരുന്നു നസീം. മലയാളത്തിലെ ആദ്യത്തെ ഗസല്‍ ആല്‍ബം പൂര്‍ത്തിയാക്കിയത് നസീമായിരുന്നു.
പതിനൊന്നാം വയസ്സില്‍ കമുകറയുടെ ഒരു ഗാനം പാടിക്കൊണ്ടാണ് നസീം സംഗീതലോകത്തെത്തുന്നത്. പിന്നീട് ആകാശവാണി, ദൂരദര്ശന്, ഏഷ്യാനെറ്റ് എന്നിവയ്ക്കായി ആയിരത്തില്‍പ്പരം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. പാട്ടുകാരന് എന്നതിനേക്കാളുപരി പലപ്പോഴും പാട്ടിന്റെ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മ്യൂസിക് ക്രിട്ടിക് കൂടിയായിരുന്നു അദ്ദേഹം.
ഗാനമേളകളിലും ടെലിവിഷന്‍ പരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്നു. 'ഭാര്യയെ ആവശ്യമുണ്ട്', 'അനന്തവൃത്താന്തം' എന്നീ സിനിമകളിലും ഗാനമാലപിച്ചിട്ടുണ്ട്.
ശിവഗിരി കലാ സമിതി, ചങ്ങമ്പുഴ തിയേറ്റേഴ്സ്, കോഴിക്കോട് ബ്രദേഴ്സ് എന്നീ കലാസിമിതികളില് പാടിയിട്ടുണ്ട്. നസീമിന് കമ്മ്യൂണിസ്റ്റ് ചിന്തകളോടുള്ള അടുപ്പം അദ്ദേഹത്തെ കെ.പി.എ.സിയില്‍ എത്തിച്ചു. കെ.പി.എ.സിയില്‍ നിരവധി ജനപ്രിയ നാടക ഗാനങ്ങള്‍ക്കും അദ്ദേഹം ശബ്ദം പകര്‍ന്നിരുന്നു.
സ്വരഭാരത് ട്രൂപ്പിലെ അംഗമെന്ന നിലയില്‍ ഡല്‍ഹി ദൂര്‍ദര്‍ശനു വേണ്ടി നസീം 18 ഭാഷകളില്‍ പാടിയിട്ടുണ്ട്. കൂടാതെ നിരവധി നാടകങ്ങള്‍ക്കും ടി.വി. പരമ്പരകള്‍ക്കും ഡോക്യുമെന്ററികള്‍ക്കു വേണ്ടിയും സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ നാടക സമിതികള്‍ക്ക് വേണ്ടിയും അന്‍പതിലേറെ കാസറ്റുകള്‍ക്കു വേണ്ടിയും പാടിയിട്ടുള്ള നസീം 'മലയാള ഗസലുകള്‍' എന്ന ആദ്യ മലയാള ഗസല്‍ ആല്‍ബവും പുറത്തിറക്കിയിട്ടുണ്ട്.
കൂടാതെ സിനിമയിലെ പഴയ ഗാനങ്ങളുടെ കളക്ഷന്‍ 'രാജ്മഹല്‍' എന്ന പേരില്‍ പുറത്തിറക്കിയിട്ടുണ്ട്. ഗാനസ്മൃതി, ഹിറ്റ്സ് ഓഫ് എ.എം. രാജ എന്നീ കാസറ്റുകള്‍ നിര്‍മ്മിച്ചു.
നാലുതവണ ഏറ്റവും മികച്ച ഗായകനുള്ള മിനി സ്ക്രീന്‍ അവാര്‍ഡ്, കമുകറ ഫൗണ്ടേഷന് പുരസ്കാരം, അബുദാബി മലയാളി സമാജ അവാര്‍ഡ്, 1997ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് എന്നിവ നസീമിനെ തേടിയെത്തിയ അംഗീകാരങ്ങളില്‍ ചിലതു മാത്രമാണ്. ഭാര്യ: ഷാഹിദ ഭാര്യ, മക്കള്‍: നാദിയ, ഗീത്.
നസീമിന്റെ മരണത്തില്സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന് അനുശോചനം അറിയിച്ചു. 'അനുഗ്രഹീത ഗായകനും കലാസംഘാടകനുമായ ശ്രീ. എം. എസ് നസീമിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്തെ കലാസാംസ്കാരിക രംഗത്ത് അവിഭാജ്യ ഘടകമായിരുന്നു നസീം.
സംഗീതവുമായി ബന്ധപ്പെട്ട ചരിത്രാന്വേഷണത്തിലും സംഗീതത്തെ അടിസ്ഥാനമാക്കിയ മികച്ച ടെലിവിഷന്‍ പരിപാടികള്‍ ഒരുക്കുന്നതിലും അസാധാരണ മികവ് കാട്ടിയിരുന്നു. പത്ത് വര്‍ഷത്തിലധികമായി പൊതുവേദികളില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും കലയുമായി അദ്ദേഹം ഹൃദയബന്ധം പുലര്‍ത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു' എന്നാണ് അനുശോചന കുറിപ്പില്‍ മന്ത്രി അറിയിച്ചത്.