ന്യൂസ് ഡെസ്ക്-
കൊച്ചി :
മലയാള സിനിമയിലെ സാംസ്കാരിക സംഘടനയായ 'മാക്ട'യുടെ അഭിമുഖ്യത്തിലുള്ള 'മാക്ട വിമണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍' നവംബര്‍ 6, 7, 8തീയതികളില്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടക്കുന്നു.
ചലച്ചിത്ര കലാ സാങ്കേതിക മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തെ അടുത്തറിയാന്‍ വഴിയൊരുക്കുകയാണ് രണ്ടാമത് MWIFF'20.
ലോകസിനിമ, ഭാഷവിഭാഗം, ഇന്ത്യന്‍ സിനിമ എന്നീ മൂന്നു വിഭാഗങ്ങളിലായി, ലോകമെങ്ങുമുള്ള വനിതാ ചലച്ചിത്ര സംവിധായകരുടെ 18 ചിത്രങ്ങള്‍ ആണ് മൂന്നു ദിവസമായി ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ടര്‍ക്കിഷ് ഭാഷയിലെ 6 ചിത്രങ്ങള്‍ ഭാഷാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നതാണ് മേളയുടെ സവിശേഷത. പോയ വര്‍ഷം അറബിക് ചിത്രങ്ങളായിരുന്നു.
ഏകദേശം 80 ദശലക്ഷം ആളുകള്‍ സംസാരിക്കുന്ന ടര്‍ക്കിഷ് ഭാഷയില്‍ നിന്നുള്ള 'ബ്ലീച്', 'ടോപ്പാങ്ക', 'വിമന്‍സ് കണ്ട്രി', 'ദി ഹൈവ്', 'ഹ്ഷ്', 'ബോര്‍ക്', 'നോട് നോയിങ്' എന്നീ ചിത്രങ്ങള്‍ ആണ് മേളയിലുള്ളത്. ഇന്ത്യന്‍ വിഭാഗത്തില്‍ 4 ചിത്രങ്ങള്‍. നിരവധി ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള മഞ്ജു ബോറയുടെ 'ഇന്‍ ദി ലാന്‍ഡ് ഓഫ് പോയ്സണ്‍ വിമണ്‍', അരുണചല്‍പ്രദേശിലെ ഗോത്ര ഭാഷയിലെ 'മിഷിങ്', മലയാള ചിത്രം 'തടിയനും മുടിയനും', ബംഗാളി ചിത്രം 'നിര്‍ബഷിതോ'. കൂടാതെ അമേരിക്ക, പോളണ്ട്, കൊസാവോ, കുര്ഡിസ്ഥാന്, റഷ്യ, സ്പെയിന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളും മേളയിലുണ്ട്.
നവംബര്‍ 6ന് വൈകുന്നേരം 5ന് കെ.പി.എ.സി. ലളിത, മേള ഉദ്ഘാടനം ചെയ്യും. 7ന് വൈകുന്നേരം 5ന് 'സിനിമയും സാഹിത്യവും' എന്ന വിഷയത്തില്‍ നടക്കുന്ന വെബിനാറില്‍ റസൂല്‍ പൂക്കുട്ടി, ബെന്യാമിന്, സുഷ്മേത് ചന്ദ്രോത്, അനുമോള്‍, ദീദി ദാമോദരന്‍, തനുജാ ഭട്ടതിരി എന്നിവര്‍ പങ്കെടുക്കും. മാധവി മധുപാലാണ് മോഡറേറ്റര്‍.
8ന് വൈകുന്നേരം 5നുള്ള സമാപനചടങ്ങില്‍ സംസ്ഥാന അവാര്‍ഡ് നേടിയ നടി കനി കുസൃതി മുഖ്യതിഥി ആവും.
പ്രശസ്ത നടി സീമാ ബിശ്വാസ് ആണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ഡെലീഗേറ്റ് ഫീസ് 100രൂപ. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയുള്ള മേളയില്‍ പങ്കെടുക്കാനും ഡെലീഗേറ്റ് രജിസ്ട്രേഷനുമായി www.4linecinema.com/mwiff എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യ്ത് രജിസ്റ്റര്‍ ചെയ്യാമെന്ന് മാക്ട ചെയര്‍മാനും ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ജയരാജ്, ജനറല്‍ സെക്രട്ടറി സുന്ദര്‍ദാസ്, വൈസ് ചെയര്മാന്മാരായ എം. പദ്മകുമാര്‍, എ. കെ. സന്തോഷ്, ട്രഷറര്‍ എ. എസ്. ദിനേശ് എന്നിവര്‍ അറിയിച്ചു.