അഞ്ജു അഷറഫ്-
കൊച്ചി:
കുറച്ചുകാലമായി ചലച്ചിത്രവേദിയില്‍ നിന്ന് അകന്നു നിന്നിരുന്ന ഫാസില്‍ വീണ്ടും സജീവമാകുന്നതിന്റെ മുന്നൊരുക്കമാണ് ഫഹദ് ഫാസില്‍ അഭിനയിക്കുന്ന 'മലയന്‍കുഞ്ഞ്' എന്ന സിനിമ.
ഫാസില്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് അഭിനയിക്കുന്നു എന്ന വാര്‍ത്തക്ക് ഒരുപാട് പഴക്കമുണ്ട്. പക്ഷേ ഇപ്പോള്‍ ഫഹദ് അഭിനയിക്കുന്നത് ഫാസില്‍ നിര്‍മ്മിക്കുന്ന സിനിമയിലാണ്.
എഡിറ്ററും സംവിധായകനും ഫഹദിന്റെ അടുത്ത സുഹൃത്തുമായ മഹേഷ് നാരായണന് തിരക്കഥയെഴുതുന്ന ചിത്രമാണ് 'മലയന്‍കുഞ്ഞ്'. മഹേഷ് നാരായണന് സംവിധാനം ചെയ്ത കഴിഞ്ഞ മൂന്ന് സിനിമകളിലും പ്രധാന നടന് ഫഹദ് ഫാസില്‍ ആയിരുന്നു. ഇവരുടെ ഏറ്റവും ഒടുവില്‍ റിലീസായ സിനിമയാണ് സീ യൂ സൂണ്‍. റിലീസിന് ഒരുങ്ങി നില്ക്കുന്ന വലിയ സിനിമയാണ് 'മാലിക്'. മഹേഷിന്റെ തിരക്കഥയില്‍ ഫഹദ് അഭിനയിക്കുന്ന 'മലയന്‍കുഞ്ഞ്' എന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോന്‍ ആണ്. ഒരുപിടി സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു പരിചയമുള്ള വ്യക്തിയാണ് സജിമോന്‍. ഫാസില്‍ നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് 'മലയന്‍കുഞ്ഞ്'. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന അതിജീവനത്തിന്റെ കഥയാണ് സിനിമയുടെ പ്രമേയം. മലയന്‍കുഞ്ഞിന്റെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും.