അഞ്ജു അഷറഫ്-
കൊച്ചി:
ലോക്ഡൗണ്‍ പ്രഖ്യാപിച്ചു ഒമ്പത് മാസമായി വീടുവിട്ടു പുറത്തിറങ്ങാതിരുന്ന മമ്മൂട്ടി ഇന്നലെ രാത്രി നടത്തിയ നഗര യാത്ര സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ആരാധകര്‍ ആവേശത്തിലാണ്. താടിയും തലമുടിയും നീട്ടിവളര്‍ത്തി ഫുള്‍ സ്ലീവ് ഷര്‍ട്ട് കൈമുട്ടുകള്‍ മടക്കി മുണ്ടുടുത്ത് മാസ്ക് ധരിച്ച് ഡ്രൈവ് ചെയ്തു കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയതിനു പിന്നിലെ കറുകപ്പിള്ളി റഫീക്കിന്റെ 'പുട്ടും കട്ടനും' എന്ന ന്യൂജന്‍ ഹോട്ടലില്‍ മമ്മൂട്ടി എത്തിയെന്നു അറിഞ്ഞതോടെ സ്റ്റേഡിയത്തിന് ചുറ്റും ഉണ്ടായിരുന്ന ആളുകള്‍ ഓടിയെത്തി. ഏതാനും മിനിറ്റുകള്‍ കൊണ്ട് അതൊരു ജനക്കൂട്ടമായി മാറി. നഗരത്തിന്റെ ചുറ്റു വട്ടങ്ങളില്‍ താമസിക്കുന്ന സെലിബ്രിറ്റികള്‍ സ്ഥിരമായി എത്തുന്ന കടയാണിത്. നിര്‍മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ, നടനും സംവിധായകനുമായ പിഷാരടി എന്നിവര്‍ രാത്രി സവാരിക്ക് മമ്മൂട്ടിയോടൊപ്പം ഉണ്ടായിരുന്നു. മമ്മൂട്ടിയും സംഘവുംകടയില് എത്തുന്നതിനു മുന്‍പേ നടന് അപ്പാനി ശരത് അവിടെ എത്തിയിരുന്നു. അപ്പാനി ശരത് മമ്മൂട്ടിയോടൊപ്പം നിന്ന് സെല്‍ഫി എടുക്കുകയും ചെയ്തു. ഹോട്ടലില്‍ നിന്നു തന്റെ ഇഷ്ട പാനീയമായ സുലൈമാനി രുചിച്ചു അല്പനേരം അവിടെ ചെലവിട്ടതിന് ശേഷം മമ്മൂട്ടി ഡ്രൈവ് ചെയ്തു പോവുകയും ചെയ്തു. മമ്മൂട്ടി ആരുടെ സിനിമയിലാണ് അഭിനയിക്കുന്നതെന്ന് ഊഹാപോഹം നിലനില്‍ക്കുന്ന അവസരത്തില്‍ നടത്തിയ ഈ രാത്രി യാത്രക്ക് ഏറെ പ്രാധാന്യമുണ്ട്.