അഞ്ജു അഷറഫ്-
കൊച്ചി :
മഞ്ജു വാര്യര്‍ അഭിനയിക്കുന്ന അമ്പതാമത്തെ സിനിമയായ 9MM ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'ലൗ ആക്ഷന്‍ഡ്രാമ' 'സാജന് ബേക്കറി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫന്റാസ്റ്റിക് സിനിമയുടെ ബാനറില്‍ നടന് അജു വര്‍ഗീസ്, വിശാഖ സുബ്രഹ്മണ്യം, സുഹൃത്തായ ടിനുതോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 9MM നവാഗതനായ ദിനില്‍ ബാബു സംവിധാനം ചെയ്യുന്നു. സാക്ഷ്യത്തില്‍ തുടങ്ങി ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത 'സല്ലാപ'ത്തില്‍ നായികയായി അഭിനയിച്ച ചലച്ചിത്ര വേദിയുടെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റിയ മഞ്ജുവാര്യര്‍ വളരെ പെട്ടെന്ന് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായിമാറി. സൂപ്പര്‍ താരങ്ങളുടെയും യുവ നടന്മാരുടെയും നായികയായി ഉയര്‍ന്നു. അനായാസേനയുള്ള മഞ്ജുവാര്യരുടെ അഭിനയ ചാതുരി പ്രേക്ഷകരും അംഗീകരിച്ചു. നാട്ടുമ്പുറത്തിന്റെ അലങ്കാരങ്ങള്‍ അണിഞ്ഞ് നവരസങ്ങള്‍ തീര്‍ത്തു കഥാപാത്രങ്ങളെ വരുതിയിലാക്കി മുന്നോട്ടുള്ള കുതിപ്പില്‍ പലരുടെയും തലയറ്റു വീണു. 'ലേഡീ സൂപ്പര്‍ സ്റ്റാര്‍' എന്ന വിശേഷണം മഞ്ജുവാര്യരെ തേടിയെത്തി. മലയാളത്തില്‍ ഇങ്ങനെയൊരു വിശേഷണം മഞ്ജുവാര്യര്‍ക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. 31 സിനിമകളില്‍ അഭിനയിച്ചു വിജയകിരീടം ചൂടി നില്‍ക്കെയാണ് വിവാഹവും കുടുംബജീവിതവും ആയി മഞ്ജു വാര്യര്‍ സിനിമയില്‍ നിന്ന് അകന്നു പോയത്. 14വര്‍ഷങ്ങള്‍ക്ക് ശേഷം 2014 ല്‍ 'ഹൗ ഓള്‍ഡ് ആര് യൂ' എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ട് മഞ്ജു വാര്യര്‍ തിരിച്ചെത്തി. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയില്‍ കുഞ്ചാക്കോ ബോബന് ആയിരുന്നു നായകന്. 'ഹൗ ഓള്‍ഡ് ആര് യു' നേടിയ വിജയം മഞ്ജുവാര്യരുടെ തിരിച്ചുവരവ് ഗംഭീരമാക്കി. പിന്നീട് അഭിനയിച്ച ഓരോ സിനിമയും മഞ്ജുവാര്യര്‍ എന്ന അഭിനേത്രിയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. സൂപ്പര്‍താര സിനിമകളില്‍ പോലും മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പ്രത്യേകമായ ഒരു താളമുണ്ടായിരുന്നു. 'എന്നും എപ്പോഴും', 'റാണിപത്മിനി', 'ഉദാഹരണം സുജാത', 'ആമി', 'ഒടിയന്', 'ലൂസിഫര്‍', 'പ്രതിപൂവങ്കോഴി', 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം', 'ചതുര്‍മുഖം' തുടങ്ങി 18 സിനിമകള്‍. മഞ്ജു വാരിയരുടെ സഹോദരന് മധു വാരിയര്‍ സംവിധാനം ചെയ്യുന്ന 'ലളിതം സുന്ദരം' മമ്മൂട്ടിയുടെ 'പ്രീസ്റ്റ്' എന്നീ രണ്ടു സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാകാനുണ്ട്. രണ്ടാം വരവില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു മഞ്ജുവാര്യര്‍ തന്റെ അമ്പതാമത്തെ ചിത്രമായ 9MM എന്ന സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ധ്യാന്‍ ശ്രീനിവാസന് തിരക്കഥയെഴുതുന്ന സിനിമയില്‍ മഞ്ജു വാര്യര്‍, സണ്ണിവെയിന്‍, ദിലീഷ് പോത്തന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ചതുര് മുഖത്തി'ന് ശേഷം മഞ്ജു വാര്യരും സണ്ണി വെയ്നും ചേര്‍ന്ന് അഭിനയിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം- വെട്രി പളനി സ്വാമിയും എഡിറ്റിംഗ്- സംജത് മുഹമ്മദ് എന്നിവര്‍ നിര്‍വഹിക്കുന്നു. മഞ്ജുവാര്യര്‍ അഭിനയിക്കുന്ന അമ്പതാമത്തെ ചിത്രമായ 9MM ല്‍ മഞ്ജുവിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. 9MM ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.