CNA
കൊച്ചി:
ഫുട്ബോള്‍ താരം ഐ എം വിജയന് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുറുമ്പ ഭാഷയിലുള്ള ഇന്ത്യയില്‍നിന്നുള്ള ആദ്യസിനിമയായ 'മ്' (സൗണ്ട് ഓഫ് പെയിന്‍) 27 മത് കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (Kolkata International Film Festival) ഒഫീഷ്യല്‍ സെലക്ഷന് നേടി.
നോണ്‍ കോമ്പറ്റീഷന് വിഭാഗത്തില്‍ അണ് ഹെര്‍ഡ് ഇന്ത്യ, റെയര്‍ ലാംഗ്വേജ് ഫിലിം വിഭാഗത്തിലാണ് ചിത്രത്തിന് ഒഫീഷ്യല്‍ സെലക്ഷന് ലഭിച്ചത്.
ഈ വിഭാഗത്തില്‍ ഒഫീഷ്യല്‍ സെലക്ഷന് നേടുന്ന ഈ വര്‍ഷത്തെ കേരളത്തില്‍ നിന്നുള്ള ഏക ചിത്രം കൂടിയാണ് കവിയും സംവിധായകനുമായ ഡോ. സോഹന്‍ റോയ് നിര്‍മ്മിച്ച് വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്ത 'മ്' (സൗണ്ട് ഓഫ് പെയിന്‍).
തേന്‍ ശേഖരണം ഉപജീവനമാര്‍ഗ്ഗമാക്കിയ കുറുമ്പ ഗോത്രത്തില്‍പ്പെട്ട ഒരു ആദിവാസി കുടുംബനാഥന് വനത്തിലെ തേനിന്റെ ദൗര്‍ലഭ്യം മൂലം നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം. പ്രശ്നങ്ങളോടും പ്രതിസന്ധികളോടുമുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും, സാഹചര്യങ്ങളുമായി പിന്നീട് എങ്ങനെ പൊരുത്തപ്പെടുന്നുവെന്നതിനെയും വിവരിക്കുന്നതാണ് തുടര്‍ന്നുള്ള കഥാതന്തു.
കാലാവസ്ഥാവ്യതിയാനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ ആഴത്തില്‍ അടയാളപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു സിനിമയാണ് 'മ്...' ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചലച്ചിത്ര സംവിധായകന് ഇത്തരമൊരു ശ്രമം നടത്തുന്നത്.
ഒട്ടേറെ ഇന്റര്‍നാഷണല്‍ അംഗീകാരങ്ങളും അവാര്‍ഡുകളും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ചിത്രം റിലീസ് ചെയ്ത ആദ്യ മാസത്തില്‍ത്തന്നെ മൂന്ന് അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടി.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com