അഞ്ജു അഷറഫ്
കൊച്ചി:
കോവിഡ്19 സൃഷ്ടിച്ച പ്രത്യേക ജീവിത അന്തരീക്ഷത്തില്‍ അടച്ചുപൂട്ടിയ സിനിമ എഡിറ്റിംഗ്, ഡബ്ബിങ് സ്റ്റുഡിയോ ലാബുകള്‍ പ്രവര്‍ത്തനസജ്ജമായതോടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമകളുടെ ഫൈനല്‍ വര്‍ക്കുകള്‍ ആരംഭിച്ചു. കേരളത്തിലെ വിവിധ സ്റ്റുഡിയോകളില്‍ ഒരുപിടി സിനിമകളുടെ എഡിറ്റിംഗ്, ഡബ്ബിങ്, മിക്സിങ് ജോലികള്‍ നടന്നു കൊണ്ടിരിക്കുന്നു. ഇതില്‍ എറണാകുളത്തെ പ്രധാന സ്റ്റുഡിയോകളായ ലാല്‍മീഡിയ, ഏരീസ് വിസ്മയ, ചലച്ചിത്ര എന്നീ സ്റ്റുഡിയോ കാളിലാണ് കൂടുതല്‍ വര്‍ക്കുകള്‍ നടക്കുന്നത്. 'ചിരി', 'പ്രീസ്റ്റ്', 'ഇന്നുമുതല്‍', 'കുഞ്ഞെല്‍ദോ', 'പെണ്ണും ചെറുക്കനും', 'T-സുനാമി', 'ദൃശ്യം 2', 'അജഗജാന്തരം', 'കാവല്‍', 'സഭാഷ് ചന്ദ്രബോസ്', 'ഇരുള്', 'കൊച്ചാല്‍', 'ജിബൂട്ടി', 'വര്‍ത്തമാനം', 'കുറുപ്പ്', 'ഉപചാര പൂര്‍വ്വം ഗുണ്ടാ ജയന്', 'കള്ളന് ഡിസൂസ', 'പിടികിട്ടപ്പുള്ളി', 'ലെയ്ക്ക' തുടങ്ങി ഇരുപത്തിയഞ്ചോളാം ചിത്രങ്ങളുടെ വര്‍ക്കുകളാണ് എറണാകുളത്തെ വിവിധ സ്റ്റുഡിയോകളില്‍ നടക്കുന്നത്.
'ദൃശ്യം 2' വിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് മോഹന്‍ലാല്‍ പാലക്കാട് ആറാട്ടിന്റെ സെറ്റിലെത്തിയത്. കാവലില്‍ സുരേഷ് ഗോപിയുടെ ഡബ്ബിങ് പുരോഗമിക്കുന്നു. 'പ്രീസ്റ്റ്' സ്പോട്ട് ഡബ്ബിങ് ആയിരുന്നു.
സിജു വില്‍സണ്‍ അഭിനയിക്കുന്ന 'ഇന്നുമുതല്‍', ജൂനിയര്‍ ലാലിന്റെ 'T-സുനാമി', രാജീവ് രവി ആഷിക് അബു ടീമിന്റെ 'പെണ്ണും ചെറുക്കനും' (3കഥ)എന്നീ സിനിമകളുടെ DI വര്‍ക്കുകള്‍ പൂര്‍ത്തിയാവുന്നു. 'പ്രീസ്റ്റ്', 'കുഞ്ഞെല്‍ദോ', 'വര്‍ത്തമാനം', 'കുറുപ്പ്', 'കര്ണന് നെപ്പോളിയന്', 'ലെയ്ക്ക' എന്നീ സിനിമകളുടെ മിക്സിങ് ഫൈനല്‍ സ്റ്റേജിലാണ്. 'ചിരി', 'സഭാഷ് ചന്ദ്രബോസ്', 'ഇരുള്', 'അജഗജാന്തരം', 'കൊച്ചാല്‍', 'ജിബൂട്ടി' എന്നീ സിനിമകളുടെ ഡബ്ബിങ് വര്‍ക്കുകള്‍ പുരോഗമിക്കുന്നു. ഇത് പൂര്‍ണമായ കണക്കല്ല. മറ്റു സ്റ്റുഡിയോകളില്‍ നിന്നുള്ള വിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.