സി.കെ. അജയ് കുമാര്‍-
ചെന്നൈ:
ദീപാവലി പ്രമാണിച്ച് നവംബര്‍ 12ന് ആമസോണ്‍ പ്രൈം ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസിന് ഒരുങ്ങുകയാണ് സൂര്യയുടെ 'സൂരറൈ പോട്ര്'. ഇതിന്റെ മുന്നോടിയായി പുറത്തിറങ്ങിയ തമിഴ് തെലുങ്ക് ട്രെയിലറുകള്‍ ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കയാണ്. തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ കൂടാതെ മലയാളത്തിലും കന്നടയിലും ആമസോണ്‍ റീലീസ് ചെയ്യും. ജോളി-ഷിബു ദമ്പതികളുടെ മേല്‍ നോട്ടത്തില്‍ മലയാളം ഡബ്ബിംഗ് പൂര്‍ത്തിയായി ട്രെയിലറും പുറത്തിറക്കി. നടന് നരേനാണ് സൂര്യക്ക് മലയാളത്തില്‍ ശബ്ദം നല്‍കിയത്.
കുറഞ്ഞ നിരക്കില്‍ എയര്‍ ലൈന്‍ സ്ഥാപിച്ച റിട്ടയേര്‍ഡ് ആര്‍മി ക്യാപ്റ്റനും എയര്‍ ഡെക്കാന്‍ സ്ഥാപകനുമായ ജി.ആര്. ഗോപിനാഥിന്റെ ആത്മകഥയാണ് ചിത്രത്തിന് അവലംബം. സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'സൂരറൈ പോട്രി'ല്‍ അപര്‍ണ ബാലമുരളിയാണ് നായിക. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്. ഷിബു കാല്ലാറാണ് മലയാളത്തില്‍ ഗാന രചന നിര്‍വഹിച്ചിട്ടുള്ളത്.