സി എന്‍ എ-
കൊച്ചി:
വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഓപ്പറേഷന് ജാവ' എന്ന ചിത്രത്തിന്റെ പുതിയ വീഡിയോ പുറത്തിറങ്ങി.
കേരള പൊലീസിന്റെ കണ്ട്രോള് റൂമിലെ സാന്നിദ്ധ്യമായ എസ്.ഐ ജേക്കബ് മാണിയും, സീനിയര്‍ സി.പി.ഓ ശ്രീജിത്ത് ഇടവനയുമാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്, ഇതാദ്യമായാണ് കേരള പൊലീസിലെ ഉദ്യോഗസ്ഥര്‍ ഒരു മലയാള സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഭാഗമാകുന്നത്.
ഒരു പൊലീസ് കണ്ട്രോള് റൂമും അവിടുത്തെ വയര്‍ലെസ്സ് സന്ദേശങ്ങളും യാഥാര്‍ത്ഥ്യത്തോടെ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്തരത്തില്‍ ഒരു രീതി അവലംബിച്ചിരിക്കുന്നത്.
ഒറിജിനാലിറ്റി വിട്ടൊരു കളിക്കില്ലെന്നാണ് വീഡിയോ പുറത്തുവിട്ട അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
തിരക്കഥാ രചനയുടെ സമയത്തും ഈ ഉദ്യോഗസ്ഥരില്‍ നിന്നും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തന രീതികളും, കേസന്വേഷണങ്ങളും കോര്‍ത്തിണക്കി ചില യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
'കേരള പൊലീസ് എന്നാ സുമ്മാവാ' എന്നതൊരു വെറും പറച്ചിലല്ലെന്നാണ് ടീസറും പ്രൊമോ വീഡിയോകളും വഴി ജാവ ടീം പറഞ്ഞു വെക്കുന്നത്. പുറത്തു വരുന്ന ഓരോ അപ്ഡേറ്റുകളിലും പുലര്‍ത്തുന്ന വ്യത്യസ്തതയാണ് 'ഓപ്പറേഷന് ജാവ'യെ തീയേറ്ററില്‍ കാണാന്‍ പ്രേരിപ്പിക്കുന്നത്. നമുക്കു ചുറ്റുമുളള വാഴ്ത്തപ്പെടാത്ത ഹീറോസിന്റെ കഥയുമായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ചിത്രത്തിലെ ഒരു വീഡിയോ കൂടി ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഫെബ്രുവരി 12ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ വിനായകന്, ഇര്‍ഷാദ്, ബിനു പപ്പു, ലുക്ക്മാന്‍, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.