സി എന്‍ എ-
കൊച്ചി:
ചെങ്കല്‍ കുന്നിലെ സ്വാഭാവിക പാറക്കുളങ്ങള്‍ അഥവാ പള്ളങ്ങള്‍ ആവാസ വ്യവസ്ഥയില്‍ വഹിക്കുന്ന പങ്കിനേപറ്റി പറയുകയാണ് ജയേഷ് പാടിച്ചാലിന്റെ 'പള്ളം' എന്ന ഡോക്യുമെന്ററി.
മഴവെള്ളം നിറഞ്ഞ് ആദ്യം ഉണ്ടാകുന്ന തവള മുതല്‍ കേട്ടുകേള്‍വി മാത്രം ഉള്ള കുട്ടിത്തേവാങ്ക് പോലെയുള്ള ജീവികളും കുറുനരികളും മനുഷ്യരുമൊക്കെ പള്ളത്തെ ആശ്രയിച്ച് കഴിയുന്നുണ്ട്. പ്രകൃതിയിലെ ഓരോ മാറ്റവും ഈ ജീവികളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ഒരു വര്‍ഷം മുഴുവന്‍ ഓരോ ജീവികള്‍ക്കും സംഭവിക്കുന്ന മാറ്റത്തെപ്പറ്റിയുമാണ് ഈ ഡോക്യുമെന്ററി നമുക്ക് കാണിച്ചു തരുന്നത്.
ലോക പരിസ്ഥിതി ദിനത്തില്‍ റിലീസ് ചെയ്ത ഈ ഡോക്യുമെന്ററിയാണ് ഇപ്പൊള്‍ പ്രകൃതി സ്നേഹികളുടെ ചര്‍ച്ചാ വിഷയം. ഇത്രയേറെ കാഴ്ചകളും വിശേഷങ്ങളും ആ പറക്കുളങ്ങളിലുണ്ടെന്ന വിവരം ഏവര്‍ക്കും അതിശയം തന്നെയാണ്. പുരോഗമന ആശയങ്ങള്‍ മുന്നോട്ട് വെച്ചുകൊണ്ട്, കെട്ടിട സൗധങ്ങള്‍ കെട്ടിപ്പടുക്കുന്ന, പ്രകൃതിയെ സംരക്ഷിക്കാന്‍ തയ്യാറാവാത്ത മനുഷ്യന് ഇതൊരു സൂചന കൂടെയാണ്. ഇനിയും പാറക്കുളങ്ങളും, കാവുകളും, കുളങ്ങളും ഒക്കെ സംരക്ഷിച്ചില്ലെങ്കില്‍, പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവും സൂചനകളായി അംഗീകരിച്ചു കൊണ്ട് പ്രകൃതിയെ സംരക്ഷിക്കാന്‍ തയ്യാറായില്ലായെങ്കില്‍, മനുഷ്യരെ തേടിയെത്തുന്നത് വലിയൊരു ദുരന്തമായിരിക്കും.
കാസര്‍ഗോഡ് ജില്ലയിലെ അരിയിട്ടപാറ എന്ന സ്ഥലത്തുള്ള ഈ പാറക്കുളത്തെ ആശ്രയിച്ച് കഴിയുന്ന ജീവവൈവിധ്യം ലോകത്തിന് മുന്നില്‍ കാണിച്ചു തരികയാണ് ഇതിലൂടെ. മഞ്ഞും മഴയും വെയിലും വസന്തവുമൊക്കെ കാഴ്ചകളായി എത്തുന്ന 'പള്ളം' ഒരു ദൃശ്യവിസ്മയം തന്നെയാണ്. പ്രകൃതിയിലെ കാണാകാഴ്ചകളെ സ്വയം കാണുന്നതിനും, വരും തലമുറക്ക് വേണ്ടി സൂക്ഷിച്ചു വെക്കുന്നതിനും വേണ്ടിയാണ് നാല് വര്‍ഷക്കാലം ഈ ഡോക്യുമെന്ററി ചിത്രീകരണത്തിനു വേണ്ടി ജയേഷ് ചിലവിട്ടത്.
റൂട്സ് വീഡിയോയിലൂടെ റിലീസ് ചെയ്ത 'പള്ളം' IGMO ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററിക്കും മികച്ച സംവിധാനത്തിനുമുള്ള പുരസ്കാരം നേടി. ലോഹിതദാസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധാനത്തിനും മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിക്കുമുള്ള പുരസ്കാരം നേടി. കഉടഎഎഗ യിലും ഫോക്കസ് വിഭാഗത്തില്‍ ശ്രദ്ധ നേടാന്‍ കഴിഞ്ഞ 'പള്ളം' നിരവധി വേദികളില്‍ പ്രേക്ഷക പ്രശംസ നേടി പ്രദര്‍ശനം തുടരുന്നു.
Online PR - CNA.