CNA
കൊച്ചി:
ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പൊന്നിയിന്‍ സെല്വന്' എന്ന ചിത്രത്തിലെ ഐശ്വര്യ റായ് അവതരിപ്പിക്കുന്ന 'റാണി നന്ദിനി' എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
ഇതിഹാസ സാഹിത്യകാരന് കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് 'പൊന്നിയിന്‍ സെല്വന്'.
രണ്ട് ഭാഗങ്ങളായാണ് സിനിമ പുറത്തിറക്കുക. സിനിമയുടെ ആദ്യഭാഗം സെപ്റ്റംബര്‍ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും.
വിക്രത്തിന്റെയും കാര്‍ത്തിയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഐശ്വര്യ റായിയുടെ ലുക്കും പുറത്തെത്തിയിരിക്കുകയാണ്.
500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്.
വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയംരവി, കാര്‍ത്തി, റഹ്മാന്, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി അശ്വിന് കാകുമാനു, റിയാസ് ഖാന്, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.
പ്രകാശ് രാജ് അവതരിപ്പിക്കുന്ന 'സുന്ദര ചോളര്‍' എന്ന കഥാപാത്രം ആദ്യം അമിതാബ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്. 'കുന്ധവി' എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ചോള രാജകുമാരിയാണ് കുന്ധവി.
എ.ആര്. റഹ്മാനാണ് സംഗീത സംവിധായകന്.
തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ 5 ഭാഷകളില്‍ ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Online PR - CinemaNewsAgency.Com