സി എന്‍ എ-
കൊച്ചി:
പുതുമയില്ലായ്മയിലാണ് പുതുമ! എന്താ, കണ്‍ഫ്യൂഷനായോ? സംഗതി വളരെ സിംപിള്‍. പുലിവാലിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കുഴപ്പമുണ്ടാക്കുന്ന പുലിവാലല്ല; യുട്യൂബില്‍ 'കപ്പടിച്ച' വെബ് സീരീസ് പുലിവാലിനെക്കുറിച്ച്. അപ്പോള്‍, ക്ലീഷേയുടെ പുതുമ എന്നു പറഞ്ഞല്ലോ! അതാണ് വെബ് സീരീസ് പുലിവാലിന്റെ പ്രത്യേകത. കട്ട ക്ലീഷേയില്‍ ഒരു വെബ് സീരീസ്. മുന്നിലും പിന്നിലും പുതുമുഖങ്ങള്‍ അണിനിരക്കുന്ന പുലിവാല് ഒന്‍പത് എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍, ഏറെ ശ്രദ്ധിക്കപ്പെട്ടതിന്റെ കാരണവും ഈ 'പുതുമ' തന്നെ. യൂട്യൂബില്‍ എപ്പിസോഡ് ശരാശരി 70000 വ്യൂസ് കടന്നു. പത്ത് എപ്പിസോഡുകളായാണ് പുലിവാലില്‍ ഉള്ളത്.
പുലിവാലിനു മറ്റൊരു പ്രത്യേകതയുമുണ്ട്. എല്ലാ എപ്പിസോഡുകളും സെലിബ്രിറ്റി ലോഞ്ച് നടത്തുന്ന ആദ്യ മലയാളം വെബ് സീരീസാണിത്. താരങ്ങളായ ഉണ്ണി മുകുന്ദന്, അജു വര്‍ഗീസ്, അനിഖ സുരേന്ദ്രന്, സംവിധായകന് ഒമര്‍ ലുലു, ഷൈന്‍ ടോം ചാക്കോ, കൃഷ്ണപ്രഭ, നീരജ, ഗോവിന്ദ് പദ്മസൂര്യ, ധ്രുവന്, അന്‍വര്‍ ഷെരീഫ്, രജിത് മേനോന്, ഹേമന്ത് മേനോന്, സുഭിക്ഷ, ശരണ്യ മോഹന്‍ തുങ്ങിയവരാണ് ഇതുവരെയുള്ള എപ്പിസോഡുകള്‍ ലോഞ്ച് ചെയ്തത്.
വളരെ സിംപിളാണ് പുലിവാലിന്റെ എപ്പിസോഡുകള്‍. ചേരുവകളെല്ലാം ചേരുംപടി ചേര്‍ത്ത ബിരിയാണി പോലെ രുചികരം. എല്ലാം സാധാരണ ചേരുവകള്‍ തന്നെ. കോമഡി, ആക്ഷന്‍, ഹൊറര്‍, സസ്പെന്‍സ്... രസക്കൂട്ടുകളെല്ലാം ശരിയായ അളവില്‍ ചേര്‍ക്കുന്നതിലാണ് കാര്യം. പുലിവാലില്‍ അധികം 'പുലിവാല്' പിടിക്കാതെ 'ക്ലീഷേ' ഐറ്റംസ് എല്ലാം ചേര്‍ത്തിളക്കി നല്ല ഒന്നാന്തരം ദം ബിരിയാണിയാക്കി ചൂടോടെ യൂട്യൂബില്‍ വിളമ്പുകയാണ്. അതിന്റെ ഗുണവും ഉണ്ട്. വളരെ ചെറിയ ബജറ്റില്‍, സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പുലിവാലിന്റെ നിര്‍മ്മാണം. ചെറിയ ബജറ്റില്‍ ഒരുക്കി, വലിയ വിജയം നേടിയ വെബ് സീരീസുകളുടെ പട്ടികയില്‍ പുലിവാലിനെയും ധൈര്യമായി ഉള്‍പ്പെടുത്താം.
വെബ് സീരീസിലെ കഥാപാത്രങ്ങളായി എത്തുന്നവര്‍ അഭിനയിക്കുകയാണെന്നു തോന്നുകയേയില്ല. അതിന്റെ കാരണം കാമറയ്ക്കു മുന്നില്‍ നില്‍ക്കുന്നവരൊന്നും അഭിനേതാക്കളേ അല്ലെന്നതാണ്! കഥാപാത്രങ്ങളായി എത്തുന്നവരൊന്നും മുന്‍പ് അഭിനയിച്ചിട്ടുള്ളവരല്ല. ബാങ്ക് ഉദ്യോഗസ്ഥന്, ബിസിനസുകാരന്, രാഷ്ട്രീയക്കാരന്, ഐ റ്റി ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ ജീവിതത്തില്‍ വിവിധ മേഖലകളില്‍ വേഷമിടുന്നവരാണ് 'പുലിവാല്' പിടിക്കാന്‍ ഇറങ്ങിത്തിരിച്ചത്!
ക്ലീഷേ എന്ന ടാഗ് ലൈന്‍ പോലെ ജീവിതവുമായി സാമ്യവുള്ളവരാണ് കഥാപാത്രങ്ങള്‍. പ്രത്യേകിച്ചൊരു പണിയുമില്ലാതെ നടക്കുന്ന മാത്യു, വിശാല്‍, യദു, ഗിരി, സാജന്, ആകാശ് എന്നിവര്‍ താപ്പര്‍ എന്ന തിരക്കഥാകൃത്തിന്റെ വീട്ടില്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരവും സസ്പെന്‍സ് നിറഞ്ഞ മുഹൂര്‍ത്തങ്ങളുമാണ് പുലിവാലിന്റെ തീം. സിനിമയിലെ കപട രാഷ്ട്രീയവും ചതിക്കുഴികളും സ്പൂഫ് രൂപേണ പുലിവാലില്‍ അവതരിപ്പിക്കുന്നുണ്ട്.
ജോബി വിന്‍സെന്റ്, സുനില്‍ അഞ്ചാലി, വിജിത് കുമാര്‍, ഷിബിന്‍ മാത്യു, റോയ് റൊമാന്‍സ്, അതുല്‍ രാജ്, കിരണ്‍ മോഹിത്, ജോണ്‍ കിങ്സ്റ്റന്‍, രാഹുല്‍, അതുല്‍ സജീവ്, രാം യാദവ്, ജെയ്സണ്‍, അഖില്‍, അഞ്ചോ, ബാബു മോഹന്‍ എന്നിവരാണ് പുലിവാലിനായി ക്യാമറയ്ക്കു മുന്നില്‍ എത്തുന്നവര്‍. മാധ്യമപ്രവര്ത്തകന് ദീപക് മോഹനാണ് പുലിവാലിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ക്ലീഷേ ടെയ്ല്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ക്ലീഷേ വെബ് സീരീസിന്റെ ക്യാമറയും എഡിറ്റിംഗും ടോണി ജെ കൈകാര്യം ചെയ്യുന്നു. നൊസ്റ്റു ആണ് പുലിവാലിന്റെ യൂട്യൂബ് റിലീസ് ചാനല്‍.