സി എന്‍ എ-
ചെന്നൈ:
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് രാഷ്ട്രീയ പ്രവേശന തീരുമാനം പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചും അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടും അദ്ദേഹത്തിന്റെ ആരാധകര്‍ നിരാഹാരസമരം ആരംഭിച്ചു.
രജനീകാന്തിന്റെ ഔദ്യോഗിക ആരാധക സംഘടനയായ 'രജനി മക്കള്‍ മണ്ട്ര'ത്തിന്റെ വിലക്ക് മറികടന്നാണ് ആരാധകര്‍ മുന്‍നിശ്ചയപ്രകാരം രജനിയുടെ മനസ് മാറ്റാന്‍ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.
തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളില്‍ നിന്നും രണ്ട് ലക്ഷത്തോളം വരുന്ന ആരാധകരാണ് ഇന്ന് രാവിലെ ചെന്നൈ വള്ളുവര്‍ കോട്ടത്ത് സംഘടിച്ചത്.
രജനിയെ ഭാവി മുഖ്യമന്ത്രിയായി കണ്ടുപോയെന്നും അദ്ദേഹം തീരുമാനം പുന:പരിശോധിച്ചേ തീരൂവെന്നുമാണ് സമരത്തിനെത്തിയ ആരാധകരില്‍ പലരുടെയും പ്രതികരണം.
ചെന്നൈയില്‍ ആരംഭിച്ചിരിക്കുന്ന ഈ നിരാഹാര സമരം വെറും ട്രെയ്ലര് മാത്രമാണെന്നും മധുര, സേലം അടക്കം തമിഴ്നാട്ടിലുടനീളം സമരം വ്യാപിപ്പിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്. അതേസമയം പ്രതിഷേധം കനക്കുമ്പോഴും രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ലാതെയാണ് രജനികാന്ത്.