സി എന്‍ എ-
ചെന്നൈ:
സ്റ്റൈല്‍ മന്നന് രജനീകാന്ത് തന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് അന്തിമ തീരുമാനത്തിലെത്തിയതോടെ കലങ്ങിമറിഞ്ഞ രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമാവുകയാണ്.
തമിഴ് സിനിമയും തമിഴ് മക്കളും ഉറ്റുനോക്കുന്ന രജനീകാന്തിന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനവും രാഷ്ട്രീയ പ്രവേശനവും ഡിസംബര്‍ 31ന് ഉണ്ടാകും. മുന്‍പ് പത്രമാധ്യമങ്ങളില്‍ രജനികാന്തിന്റെ രാഷ്ട്രീയവും പാര്‍ട്ടി രൂപീകരണവും പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പുതിയ പ്രഖ്യാപനത്തോടെ ചിത്രം വ്യക്തമായിരിക്കുന്നു.
രജനീകാന്ത് ആരാധകരുടെ കൂട്ടായ്മയായ 'രജനി മക്കള്‍ മണ്ട്രമാ'ണ് രാഷ്ട്രീയപാര്‍ട്ടിയായി രൂപാന്തരം പ്രാപിക്കുന്നത്. ഈ കൂട്ടായ്മ തമിഴ്നാടിന്റെ എല്ലാ ഭാഗങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
രജനി മക്കള്‍ മണ്‍ട്രത്തിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായത്തില്‍ ഐക്യത്തില്‍ നിന്നാണ് ഈ മാസം 31ന് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്താനുള്ള തീരുമാനം ഉണ്ടായത്.
ജനുവരി ഒന്നിന് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് 69 കാരനായ രജനീകാന്ത് തമിഴ് രാഷ്ട്രീയത്തിലേക്ക് വലതുകാല്‍ വയ്ക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്നും വിജയിക്കുമെന്നും ഒരു മതത്തിനോടും ഒരു ജാതിയോടും വേര്‍തിരിവ് കാണിക്കാതെ അഴിമതിരഹിത രാഷ്ട്രീയ പ്രവര്‍ത്തനമാണ് ലക്ഷ്യമെന്നും രജനീകാന്ത് പ്രഖ്യാപിച്ചു.