സി എന്‍ എ-
കൊച്ചി:
ഇത് രേഖ രാഘവന്... മലയാളിയാണ്. അറിയപ്പെടുന്ന ഡാന്‍സറാണ്. മുംബൈയില്‍ ജനിച്ചു വളര്‍ന്നു വടക്കേ ഇന്ത്യന്‍ ഫോക്കും ക്ലാസിക്കല്‍ നൃത്തവുമൊക്കെ പഠിച്ചും പഠിപ്പിച്ചും നൃത്തവേദിയില്‍ നിലയുറപ്പിച്ചിട്ടുള്ള രേഖ രാഘവന് തലശ്ശേരി ധര്‍മ്മടം സ്വദേശിയാണ്. ഇപ്പോള്‍ ബഹ്റിനില്‍ സെറ്റില്‍ ചെയ്തിരിക്കുകയാണ്.
രേഖയെ സംബന്ധിച്ചിടത്തോളം നൃത്തം പാഷനാണ്. കുട്ടിക്കാലം മുതല്‍ ആരംഭിച്ച നൃത്ത പഠനവും പിന്നീട് നൃത്തം പഠിപ്പിക്കലുമായി യാത്രതുടരുന്ന രേഖ ഇപ്പോള്‍ മലയാളസിനിമയില്‍ എത്തിയിരിക്കുന്നു.
ഷാജി യൂസഫ് സംവിധാനം ചെയ്യുന്ന 'എണ്‍പതുകളിലെ ഏഭ്യന്മാര്' എന്ന സിനിമയിലാണ് കൊറിയോഗ്രാഫറായി അങ്കം കുറിച്ചിരിക്കുന്നത്. രഞ്ജിത്ത് വാസുദേവ് സംഗീതം നല്കി വിജയ് യേശുദാസ് ആലപിച്ച, 'നീലവാനം... നിലാവില് തെളിഞ്ഞ മാനം' എന്നുതുടങ്ങുന്ന ഖവാലി ഗാനത്തിന് നൃത്ത ചുവടൊരുക്കി അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു.
നാടും വീടും ഉപേക്ഷിച്ച് മറ്റൊരു ദേശത്ത് എത്തിയ നായക കഥാപാത്രത്തിന് പാട്ട് പാടേണ്ട സാഹചര്യം ഉണ്ടാവുകയും പാടാന്‍ നിര്‍ബന്ധിതനാകുകയും ചെയ്യുന്നു. ആ കഥാ സന്ദര്‍ഭത്തിനും ഖവാലി ഗാനത്തിനും അനുയോജ്യമായ രീതിയിലാണ് നൃത്തച്ചുവടുകള്‍ കമ്പോസ് ചെയ്തിരിക്കുന്നത്. സാധാരണ പാട്ടില്‍ നിന്നും സംഗീതത്തില്‍ നിന്നും വ്യത്യസ്തമാണ് ഖവാലി സോങ്.
നൃത്തച്ചുവടുകളിലും ആ വ്യത്യാസം ഉണ്ടാകുമെന്ന് കൊറിയോഗ്രാഫറായ രേഖ രാഘവന് പറയുന്നു.
ബഹ്റിനിലെ മലയാളി കുട്ടികളെയും അറബി കുട്ടികളെയും മറ്റു ഭാഷക്കാരായ കുട്ടികളെയും നൃത്തം പഠിപ്പിക്കുന്ന രേഖ പേള്‍സ് ഓഫ് ബഹറിന്‍ (പി ഒ ബി) എന്ന മലയാളി സംഘടനയിലെ അംഗമാണ്. സംഘടന നേതൃത്വം നല്കുന്ന കലാപരിപാടികളുടെ ചുക്കാന്‍ പിടിക്കുന്നതും രേഖയാണ്. ധാരാളമായി സ്റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ടെങ്കിലും സിനിമയില്‍ സജീവ മാകണമെന്നാണ് രേഖയുടെ ആഗ്രഹം.